ന്യൂഡൽഹി: 26കാരിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി സർവ്വകലാശാല പുതുതായി സ്ഥാപിച്ച മെഡിറ്റേഷൻ ഹാളിന്റെ ഉദ്‌ഘാടന വേളയിലാണ് ആന്തരിക ശക്തിയെയും ആത്മീയതയെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ നടത്തിയതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് മന്ത്രി വിശദീകരണം നൽകിയത്.
“സർവകലാശാല എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരു മെഡിറ്റേഷൻ ഹാൾ സ്ഥാപിച്ചു. ഈ സന്ദർഭത്തിലാണ് വിദ്യാർത്ഥികൾ ആന്തരിക ശക്തി പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ സംസാരിച്ചത്. ദാരുണമായ ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികളെ പിന്തുണയ്‌ക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും കുടുംബങ്ങളുടെയും പ്രാധാന്യം ഞാൻ എടുത്തുകാണിച്ചു, ഒരു തരത്തിലും ഇരയെ അപമാനിക്കുകയോ അങ്ങനെ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ല,” നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ദൈവത്തിൽ വിശ്വസിക്കണമെന്നും ഏതുതരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ആത്മശക്തി വളർത്തിയെടുക്കണമെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പരാമർശങ്ങളാണ് വിവാദത്തിന് വഴിവച്ചത്. നിർമ്മല സീതാരാമന്റെ വാക്കുകൾ അന്നയുടെ മരണവുമായി കൂട്ടിച്ചേർത്ത് വ്യാഖ്യാനിച്ച പ്രതിപക്ഷ നേതാക്കൾ രൂക്ഷ വിമർശനവുമായെത്തിയിരുന്നു.
സംഭവത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം മഹാരാഷ്‌ട്ര സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വരുന്ന പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉത്തരവിട്ടിരിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
Dear Nirmala Sitaraman ji,
Anna had inner strength to handle the stress that came with pursuing a gruelling Chartered Accountancy degree. It was the toxic work culture, long work hours that took away her life which needs to be addressed. Stop victim shaming and atleast try to be… pic.twitter.com/HP9vMrX3qR
— Priyanka Chaturvedi🇮🇳 (@priyankac19) September 23, 2024