തൃശൂർ: കേരളത്തിലെ റോഡുകളുടെ അവസ്ഥകണ്ട് ആശ്ചര്യപ്പെട്ടുപോയ ന്യൂയോർക്കിൽ നിന്നുമെത്തിയ മലയാളി കുടുംബത്തിന്റെ കഥ വീണ്ടും വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. “എന്തൊരു മാറ്റം” എന്നാണ് കുതിരാൻ തുരങ്കത്തിലൂടെ സഞ്ചരിച്ചപ്പോൾ അവർ പറഞ്ഞത്. ന്യൂയോർക്കിൽ പോലുമില്ലാത്ത മാറ്റമാണ് നാടിന് ഉണ്ടായതെന്നും അവർ പറഞ്ഞതായി തൃശൂരിൽ അഴീക്കോടൻ രക്തസാക്ഷിദിന പരിപാടി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
“കുതിരാൻ തുരങ്കത്തിലൂടെ യാത്ര ചെയ്ത ന്യൂയോർക്കിൽ താമസിക്കുന്ന കുടുംബം പറഞ്ഞതാണ്. കോട്ടയത്തുകാരാണ്. അവർ പാലക്കാട്ടേക്ക് യാത്ര ചെയ്യുകയാണ്. അവരെ ഞാൻ യാദൃശ്ചികമായി കാണാനിടയായി. എന്തൊരു മാറ്റം, ഈ റോഡ് കണ്ടപ്പോൾ ന്യൂയോർക്കിൽ പോലുമില്ലല്ലോ എന്ന് ഞങ്ങൾ ആശ്ചര്യപ്പെട്ടുപോയി, എന്നാണ് അവരെന്നോട് പറഞ്ഞത്”—- മുഖ്യമന്ത്രി പറഞ്ഞു.
അത്ര സുന്ദരമായ റോഡുകളാണ് കേരളത്തിലുള്ളത്. ഈ മാറ്റം നമ്മുടെ നാടിന് വേണ്ടേയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ചോദിച്ചു. മുൻപ് കേരളത്തിനെ അടിക്കടിയുണ്ടാകുന്ന പ്രളയത്തിൽ നിന്നും കരകയറ്റാൻ റൂം ഫോർ റിവർ പദ്ധതി പഠിച്ച് നടപ്പിലാക്കാനായി നെതർലാൻഡ് അടക്കമുള്ള രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.പക്ഷേ ഇതിന്റെ ഫലങ്ങളൊന്നും കേരളത്തിൽ എവിടെയും കണ്ടില്ലെന്നാണ് ആക്ഷേപം. നിരവധി ട്രോളുകളും ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ വന്നു.