ന്യൂയോർക്ക്: മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിലും, യുഎൻ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുറമെ ജാപ്പനീസ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാരുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്തോ-പസഫിക് മേഖലയുടെ സമൃദ്ധിക്കും സമാധാനത്തിനുമായി ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ നേതാക്കൾ പരസ്പരം കൈമാറി.
സുപ്രധാനമായ യുഎസ് സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചതായി വിദേശകാര്യമന്ത്രാലയം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. അമേരിക്കയുമായി പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനും ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. ഇതിന് പുറമെ ഇന്ത്യയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കടത്തിക്കൊണ്ടുപോയ 297 പുരാവസ്തുക്കൾ തിരിച്ചയയ്‌ക്കാനും ധാരണയായി. ഇന്തോ-പസഫിക് മേഖലയിലെ സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിനായി 7.5 മില്യൺ ഡോളറിന്റെ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ക്വ്ാഡ് ഉച്ചകോടിക്ക് ശേഷം ലോംഗ് ഐലൻഡിൽ യുഎസിലെ പ്രവാസി സമൂഹത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്ത്യ അവസരങ്ങളുടെ നാട് ആണെന്നും, മൂന്നാം ടേമിൽ താൻ രാജ്യത്തിനായി നിരവധി കാര്യങ്ങൾ ചെയ്യാനായി തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. രാജ്യത്തെ ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് ബോസ്റ്റണിലും ലോസ് ഏഞ്ചൽസിലും രണ്ട് പുതിയ കോൺസലേറ്റുകൾ തുറക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. 10,000ത്തിലധികം ആളുകളാണ് ഈ പരിപാടിയുടെ ഭാഗമായത്. ഇതിന് ശേഷം വിവിധ അമേരിക്കൻ ടെക് കമ്പനി സിഇഒമാരുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തിയിരുന്നു.















