കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നതെന്ന രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്. തൃണമൂലിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ശബ്ദമുയർത്തുന്ന ഓരോരുത്തരേയും വില കൊടുത്ത് വാങ്ങാനാണ് അവർ ശ്രമിക്കുന്നതെന്നും ദിലീപ് ഘോഷ് വിമർശിച്ചു.
” എല്ലാവരേയും വിലയ്‌ക്കെടുക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ ശ്രമം. സ്ത്രീകൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടായാൽ അവർ പണം നൽകി എതിരെ നിൽക്കുന്നവരെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണ്. ഡോക്ടറുടെ കുടുംബത്തിനായി അവർ പണം വാഗ്ദാനം ചെയ്തു. എന്നാൽ അവർ ആ പണം നിരസിച്ചു. എല്ലാവരും അവരെ പോലെ പണത്തിനോട് ആർത്തിയുള്ളവരാണെന്നാണ് പാർട്ടിക്കാരുടെ വിചാരം.
എല്ലാവരേയും വിലയ്‌ക്കെടുക്കാൻ സാധിക്കുമെന്നത് അവരുടെ അത്യാഗ്രഹം മാത്രമാണ്. അതൊരിക്കലും നടക്കില്ല. നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ജനത ഇപ്പോഴും പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. പെൺകുട്ടിയുടെ കുടുംബം നീതി തേടി ലക്ഷങ്ങളാണ് ചെലവഴിച്ചത്. എന്നാൽ കൊല്ലപ്പെട്ട യുവതിക്ക് നീതി നേടി നൽകുക എന്നതിനപ്പുറം, ഈ കേസ് എങ്ങനെ എങ്കിലും അവസാനിപ്പിക്കാനാണ് ഭരണനേതൃത്വം ശ്രമിക്കുന്നതെന്നും” ദിലീപ് ഘോഷ് വിമർശിച്ചു.
അതേസമയം വിഷയത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അന്യായ ഇടപെടലുകൾക്കെതിരെയും, കൊല്ലപ്പെട്ട യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധ പ്രകടനം നടത്തി. മമതയുടെ സർക്കാർ തങ്ങളെ സമാധാനപരമായി സമരം നടത്താൻ പോലും അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി ആരോപിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആർജി കാറിലുണ്ടായ സംഭവം തന്നെ ഇതിന് ഉദാഹരണമാണ്. കേസ് കൈകാര്യം ചെയ്ത രീതി ഇത് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.















