പാലക്കാട്: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വയോധികന് ഇരട്ട ജീവപര്യന്തവും 38 വർഷം തടവും 1,75,000 പിഴയും വിധിച്ച് കോടതി. പാലക്കാട് എരുത്തേമ്പതി സ്വദേശി കെ.കെ കന്തസ്വാമിയെയാണ് (77) കോടതി ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജുവിന്റേതാണ് വിധി.
കഴിഞ്ഞ വർഷം ഡിസംബർ 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുപ്പുണി ചെക്‌പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന 5 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കന്തസ്വാമി പിടിയിലായത്.
കേസ് പരിഗണിച്ച കോടതി ഇയാൾക്ക് ഇരട്ടജീവപര്യന്തവും 38 വർഷം തടവും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധികതടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രെമിക ഹാജരായി.















