ബെംഗളൂരു: അങ്കണവാടി ടീച്ചർമാർക്ക് ഉറുദു നിർബന്ധമാക്കി കൊണ്ടുള്ള കർണ്ണാടക സർക്കാറിന്റെ ഉത്തരവ് വിവാദത്തിൽ. ചിക്കമംഗളൂരു, മുഡിഗെരെ ജില്ലയിലെ അങ്കണവാടി അധ്യാപക തസ്തികയുമായി ബന്ധപ്പെട്ടാണ് വിവാദ ഉത്തരവ്.
അങ്കണവാടി ടീച്ചർ ജോലി ലഭിക്കാൻ ഉറുദു ഭാഷ അറിയണമെന്ന കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനം അപലപനീയമാണെന്ന് ബിജെപി ആരോപിച്ചു. ഉറുദു അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് സിദ്ധരാമയ്യ സർക്കാർ നടത്തുന്നത്. സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ കന്നഡയാല്ലേ?, പിന്നെ എന്തിനാണ് ഉറുദു നിർബന്ധമാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന ഘടകം എക്സിലൂടെ പറഞ്ഞു.
മുസ്ലീം സമുദായത്തെ പ്രീണിപ്പിച്ച് പിൻവാതിൽ നിയമനത്തിനുള്ള ശ്രമമാണെന്ന് നടക്കുന്നതെന്ന് ബിജെപി നേതാവും മുൻ എംപിയുമായ നളിൻകുമാർ കട്ടീൽ പറഞ്ഞു. മുസ്ലീം സമുദായത്തെ തൃപ്തിപ്പെടുത്താനും മറ്റ് വിഭാഗങ്ങൾക്ക് തൊഴിൽ നിഷേധിക്കാനുമുള്ല കോൺഗ്രസിന്റെ ശ്രമമാണിത്. അപകടകരമായ രാഷ്‌ട്രീയ തന്ത്രമാണ് കോൺഗ്രസ് പയറ്റുന്നതെന്നും അദ്ദേഹം വിമർശിച്ചു.















