കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയത് ഗൗരവതരമായ പരാമർശങ്ങൾ. കുറ്റകൃത്യത്തിൽ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന നിരീക്ഷണമാണ് ഹൈക്കോടതി പങ്കുവച്ചത്. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവവും, ലഭിച്ച സാഹചര്യ തെളിവുകളും കണക്കിലെടുത്താൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ ശരിയായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ തളളിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. സാക്ഷികളെ പ്രതി സ്വാധീനിച്ചേക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും ഹൈക്കോടതി അംഗീകരിച്ചു.
പരാതിക്കാരിക്കെതിരെ സിദ്ദിഖ് ഉയര്‍ത്തിയ വാദങ്ങള്‍ ഹൈക്കോടതി തള്ളി. നടന്നത് ഹീനമായ കുറ്റകൃത്യമാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യം. ലൈംഗിക അതിക്രമത്തിനിരയായി എന്ന് പരിഗണിച്ച് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത്. പരാതിക്കാരിയെ ആക്രമിക്കുന്നത് നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും ഹൈക്കോടതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചും കോടതി പരാമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അഞ്ച് വർഷം നിശബ്ദത പാലിച്ചതും റിപ്പോർട്ട് പുറത്തുവിടാതിരുന്നതും ദുരൂഹമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയത് അതിക്രമങ്ങളും ചൂഷണങ്ങളും നേരിട്ട ഇരകൾക്ക് അതിജീവിതമാരായി മുന്നോട്ടുവരാൻ ധൈര്യം പകർന്നുവെന്നും കോടതി നിരീക്ഷിച്ചു.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. ഹോട്ടലിൽ അന്നേദിവസം യുവതിയും സിദ്ദിഖും ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.