ഹൈദരാബാദ് : മെയ്യഴകൻ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ സത്യം സുന്ദരത്തിന്റെ ഹൈദരാബാദിൽ നടന്ന പ്രചരണ പരിപാടിക്കിടെ നടൻ കാർത്തി തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായി. തുടർന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ വിമർശനവുമായി രംഗത്തെത്തി.
സെപ്തംബർ 23 ന്,ഹൈദരാബാദിൽ നടന്ന പരിപാടിയിൽ വെച്ച് തിരുപ്പതി ലഡ്ഡു വിഷയത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ പ്രതികരണമാണ് കാർത്തിയെ കുഴപ്പത്തിലാക്കിയത്. ലഡ്ഡു അടങ്ങിയ ഒരു മീമിനോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, “ലഡ്ഡു ഇപ്പോൾ സെൻസിറ്റീവ് വിഷയമാണ്, അതിനെക്കുറിച്ച് സംസാരിക്കരുത്” പരിഹാസത്തോടെ പറയുകയായിരുന്നു കാർത്തി.
തുടർന്ന് സെപ്തംബർ 24ന് വിജയവാഡയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കാർത്തിയുടെ പരാമർശത്തിൽ പവൻ കല്യാൺ തന്റെ അതൃപ്തി അറിയിച്ചത്. ലഡ്ഡു വിനെക്കുറിച്ച് നടൻ കാർത്തിയും ഷോയുടെ അവതാരകനും നടത്തിയ പരാമർശങ്ങളാണ് ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ ചൊടിപ്പിച്ചത്.
“ഒരു നടൻ എന്ന നിലയിൽ ഞാൻ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു.. എന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ്.. നൂറ് തവണ ആലോചിച്ച് സംസാരിക്കുക. സനാതന ധർമ്മം സംരക്ഷിക്കൂ”- പവൻ കല്യാൺ പറഞ്ഞു. തുടർന്ന് നടൻ കാർത്തിയുടെ പരിഹാസ വീഡിയോയും പവൻ കല്യാണിന്റെ പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Dear @PawanKalyan sir, with deep respects to you, I apologize for any unintended misunderstanding caused. As a humble devotee of Lord Venkateswara, I always hold our traditions dear. Best regards.
— Karthi (@Karthi_Offl) September 24, 2024
പവൻ കല്യാൺ നൽകിയ മുന്നറിയിപ്പിന് പിന്നാലെ നടൻ കാർത്തി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ക്ഷമാപണം നടത്തി. “പവൻ കല്യാൺ സാർ , നിങ്ങളോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഞാൻ പറഞ്ഞ എന്തെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നു. ആശംസകൾ. .”.” കാർത്തി പ്രസ്താവിച്ചു.