ലോകത്തിലെഏറ്റവും വലിയ മഴക്കാടായ ആമസോണിൽ വൻതോതിൽ വനനശീകരണം ഉണ്ടായതായി പഠനങ്ങൾ. ജർമനിയുടേയും ഫ്രാൻസിന്റെയും വിസ്‌തൃതിക്ക് തുല്യമായ വലിയൊരു ഭാഗം മഴക്കാടുകൾക്കാണ് നാശം സംഭവിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ നിർണായകമായി കരുതുന്നവയാണ് ആമസോൺ മഴക്കാടുകൾ. ഒൻപത് രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മഴക്കാടുകൾ അന്തരീക്ഷത്തിൽനിന്നും വലിയ തോതിൽ കാർബൺഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നുണ്ട്.
പ്രധാനമായും ഖനനത്തിനും കാർഷിക ആവശ്യങ്ങൾക്കും വേണ്ടിയുള്ള വനനശീകരണമാണ് ആമസോണിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം. ഇതുമൂലം1985 മുതൽ 2023 വരെയുള്ള കാലയളവിൽ ഇവിടത്തെ സസ്യങ്ങളുടെ 12.5 ശതമാനവും നശിപ്പിക്കപ്പെട്ടതായാണ് കണ്ടെത്തൽ. ബ്രസീൽ, ബൊളീവിയ, പെറു, ഇക്വഡോർ, കൊളംബിയ, വെനിസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന എന്നിവിടങ്ങളിൽ 88 ദശലക്ഷം ഹെക്ടർ വനമേഖല നഷ്ടപ്പെട്ടു.
ആമസോണിലെ സസ്യജാലങ്ങൾക്കുണ്ടായ നാശം കാരണമാണ് നിരവധി തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ കാട്ടുതീ, വരൾച്ച എന്നീ പ്രശ്നങ്ങളുണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വരൾച്ച മൂലം ആമസോൺ മഴക്കാടുകളിലെ പല നദികളും ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന കടുത്ത വരൾച്ചയുടെയും ജലക്ഷാമത്തിൻെറയും സൂചനയായാണ് ശാസ്ത്രജ്ഞർ ഇതിനെ കണക്കാക്കുന്നത്















