കൊളംബോ: 23 വർഷങ്ങൾക്ക് ശേഷം ലങ്കയുടെ പ്രധാനമന്ത്രി പദത്തിലേക്ക് വീണ്ടുമൊരു വനിത. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിരിമാവോ ബണ്ഡാരനായകെയ്‌ക്ക് ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിത നേതാവാണ് ഹരിണി.
നാഷണൽ പീപ്പിൾസ് പവർ പാർട്ടി നേതാവായ ഹരിണിയ്‌ക്ക് പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നീതിന്യായം, വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം, ശാസ്ത്രം, സാങ്കേതികം, ആരോഗ്യം, നിക്ഷേപം എന്നീ വകുപ്പുകളാണ് ഹരിണിയ്‌ക്ക് നൽകിയിരിക്കുന്നത്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ NPP പാർട്ടി നേതാവ് അനുര കുമാര ദിസനായകെ വിജയിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ദിനേശ് ഗുണവർധന രാജിവച്ചിരുന്നു. പിന്നാലെയാണ് ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകുന്നത്. 56 കാരിയായ ഹരിണി അമരസൂര്യ മനുഷ്യാവകാശ പ്രവർത്തകയും സർവകലാശാലാ അദ്ധ്യാപികയുമാണ്.















