ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു സമൂഹം ആശങ്കയിലെന്ന് വിഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ൻ. തിരുപ്പതിയിൽ മാത്രമല്ല, ശബരിമലയിലും ഗുരുവായൂരിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും സമാന സംഭവങ്ങൾ നടന്നതായും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണമെന്നാണ് വിഎച്ച്പി മുന്നോട്ട് വെക്കുന്ന ആവശ്യം. ക്ഷേത്രങ്ങളുടെ ഭരണപരിപാലന ചുമതല വിശ്വാസികളെ ഏൽപ്പിക്കണം. ക്ഷേത്രങ്ങളുടെ പണം ഹിന്ദു വിരുദ്ധരിലാണ് എത്തുന്നത്. ഇനി ഇത് അനുവദിച്ച് കൊടുക്കാൻ ആകില്ല. രാജസ്ഥാനിൽ അശോക് ഗഹ്ലോട്ട് സർക്കാർ ക്ഷേത്രത്തിൽ നിന്നുള്ള പണം ഈദ് ഗാഹിന് നൽകിയത് ഏവരും കണ്ടതാണ്. ഹിന്ദുക്കളുടെ ധനം ഹിന്ദു വിരുദ്ധർക്കല്ല, ഹിന്ദുവിന് വേണ്ടിയാണ് ചെലവഴിക്കേണ്ടതെന്ന് വിഎച്ച്പി ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു .
മുസ്ലിം ഭരണാധികാരികൾ നമ്മുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു. അതിന്റെ തുടർച്ചയായി ഇന്നത്തെ ഭരണാധികാരികളും ക്ഷേത്രങ്ങളെ പണം സമ്പാദിക്കാനുള്ള മാർഗമായാണ് കാണുന്നത്. ക്ഷേത്രങ്ങളെ സർക്കാരല്ല വിശ്വാസി സമൂഹമാണ് ഭരിക്കേണ്ടത്. കോളോണിയൽ സംസ്കാരത്തിൽ അവശേഷിപ്പുകൾ നിലനിൽക്കുന്നതിനാലാണ് ക്ഷേത്രങ്ങൾ പലതും സർക്കാർ ഭരിക്കുന്നത്. ക്ഷേത്രങ്ങളിലെ കാര്യങ്ങൾ പന്തിയല്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി തന്നെ സമ്മതിച്ച കാര്യവും സുരേന്ദ്ര ജെയ്ൻ ചൂണ്ടിക്കാട്ടി.
ക്ഷേത്ര വിമോചനത്തിന് രാജ്യവ്യാപകമായി വൻ പ്രക്ഷോഭത്തിന് വിഎച്ച്പി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എല്ലാം സംസ്ഥാനങ്ങളിലും പ്രത്യേക ധർണ്ണ നടത്തുവാനും ഗവർണർമാർക്ക് പ്രത്യേകം നിവേദങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്ര സംരക്ഷണത്തിനായി വിഎച്ച്പി മുന്നിലുണ്ടാകുമെന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്ര ജെയ്ൻ ആവർത്തിച്ച് വ്യക്തമാക്കി.















