ഐക്യരാഷ്‌ട്രസഭയിൽ ഭാരതത്തിന് ഉടൻ സ്ഥിരാംഗത്വം നൽകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പുരോഗതി നേടുന്ന രാജ്യങ്ങളുടെ സാന്നിധ്യം അന്താരാഷ്‌ട്ര സംഘടനകളിൽ അനിവാര്യമാണ്. 1945ലെ ലോകമല്ല നിലനിൽക്കുന്നതെന്നും, നാളെയ്‌ക്കുള്ള ദീർഘവീക്ഷണം ഇക്കാര്യത്തിൽ അനിവാര്യമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ഇന്ത്യ, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം നൽകണമെന്ന് കാലങ്ങളായി അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം നൽകുന്നതിനുള്ള ചർച്ചകൾ ഔദ്യോഗികമായി തുടങ്ങിവയ്‌ക്കുന്നുവെന്നും ആന്റണി ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. അടിയന്തരമായി യുഎൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗത്വം മൂന്ന് രാജ്യങ്ങൾക്കും നൽകണമെന്നും അദ്ദേഹം യുഎൻ ഫ്യൂച്ചർ സമ്മിറ്റിൽ പറഞ്ഞു.
ഇതോടൊപ്പം ആഫ്രിക്കൻ രാജ്യങ്ങൾക്ക് രണ്ടും, പുരോഗതി കൈവരിക്കുന്ന ദ്വീപ് രാഷ്‌ട്രങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ മാറിവരുന്ന ഒരു സീറ്റും ഉറപ്പാക്കണം. ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കും കരീബിയൻ രാജ്യങ്ങൾക്കും സ്ഥിരം അംഗത്വം ഉറപ്പാക്കണമെന്നും ആന്റണി ബ്ലിങ്കൻ പറഞ്ഞു.1945ൽ യുഎൻ രൂപീകരിക്കുമ്പോഴുള്ള സാഹചര്യമല്ല, മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.