കശ്മീർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലെ 26 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. 239 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 26 മണ്ഡലങ്ങളിലുമായി 3502 പോളിങ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 13,000ത്തോളം പോളിങ് ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, അപ്നി പാർട്ടി നേതാവ് അൽത്താഫ് ബുഖാരി, ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്‌ന, കോൺഗ്രസ് നേതാവ് താരിഖ് ഹാമിദ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ രജൗരി, പൂഞ്ച്, റിയാസി, ശ്രീനഗർ, ഗന്ദർബാൽ, ബുദ്ഗാം എന്നീ സ്ഥലങ്ങളും ഉൾപ്പെടുന്നു.
രജൗരിയിലും റിയാസിയിലും അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യതയുള്ളതിനാൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള ഇടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഈ മാസം 18നായിരുന്നു ജമ്മുവിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 61.13 ശതമാനം പോളിങ് ആണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഒക്ടോബർ ഒന്നിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്.എട്ടാം തിയതിയാണ് വോട്ടെണ്ണൽ നടക്കുന്നത്.