ന്യൂഡൽഹി: ചൈനയും ഇന്ത്യയും ഒരിക്കലും എതിരാളികളല്ലെന്നും, വികസനത്തിലും സഹകരണത്തിലും പങ്കാളിത്തത്തോടെ പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ധാരണയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ഫെയ്‌ഹോങ്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ 75ാം വാർഷികത്തിലാണ് ഷു ഫെയ്‌ഹോങ്ങിന്റെ പ്രതികരണം.
” ഇന്ത്യയും ചൈനയും പരസ്പരം ഭീഷണികളോ എതിരാളികളോ അല്ല. വികസന ലക്ഷ്യങ്ങളിലുൾപ്പെടെ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കേണ്ട പങ്കാളികളാണെന്ന് പ്രസിഡന്റ് ഷി ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധത്തിന് കൃത്യമായ മാർഗനിർദേശം നൽകുന്ന തീരുമാനമാണിത്.
ഇൗ തീരുമാനത്തെ ബഹുമാനിച്ച് തന്നെ മുന്നോട്ട് പോകാൻ സാധിക്കണം. ഓരോ രാജ്യങ്ങളിലും നടക്കുന്ന വികസനത്തെയും, തന്ത്രപരമായ തീരുമാനങ്ങളെ അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും” ഷു ഫെയ്‌ഹോങ് പറയുന്നു. ഏഷ്യയുടെ മുന്നേറ്റത്തിന് ചൈനയും ഇന്ത്യയും യോജിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പരാമർശത്തിന് പിന്നാലെയാണ് ഷു ഫെയ്‌ഹോങിന്റെ പ്രതികരണം.
ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അതിർത്തി സംബന്ധമായ പ്രശ്‌നങ്ങളെയും ഷു ഫെയ്‌ഹോങ് എടുത്തു പറഞ്ഞു. ” അയൽക്കാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. പ്രശ്‌നത്തെ ഏത് രീതിയിലാണ് കാണുന്നത്, അല്ലെങ്കിൽ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിലാണ് കാര്യം. ഈ വിഷയം ഇന്ത്യയും ചൈനയും തമ്മിൽ പരിഹരിക്കും. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള കഴിവ് രണ്ടുകൂട്ടർക്കുമുണ്ടെന്നും” ഷു ഫെയ്‌ഹോങ് കൂട്ടിച്ചേർത്തു.















