കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘ അംഗം അസി. ഇൻസ്പെക്ടർ ജനറൽ പൂങ്കുഴലിയുടെ ഓഫീസിൽ 3 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 376 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ലൈഗിക ശേഷി സംബന്ധിച്ച വൈദ്യ പരിശോധനയ്‌ക്ക് ശേഷം ഇടവേള ബാബുവിനെ വിട്ടയക്കും. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാലാണ് അറസ്റ്റിന് ശേഷം വിട്ടയക്കുന്നത്. രണ്ടു പേരുടെ ആൾ ജാമ്യത്തിലാണ് നടപടി. ജാമ്യത്തിനായി അഭിഭാഷകനും ജാമ്യക്കാരും കൊച്ചിയിലെ എസ്.ഐ.ടി ഓഫീസിൽ എത്തി.
താരസംഘടനയായ അമ്മയിൽ അംഗത്വം ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും അവിടെയെത്തിയപ്പോൾ ലൈംഗികമായി അതിക്രമിച്ചുവെന്നുമാണ് നടിയുടെ പരാതി. അപേക്ഷ പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് എത്തണമെന്നായിരുന്നു ഇടവേള ബാബു ആവശ്യപ്പെട്ടത്. ഇവിടെയെത്തി അപേക്ഷ പൂരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ നടൻ കഴുത്തിൽ ചുംബിക്കുകയായിരുന്നു എന്ന് നടി ആരോപിച്ചു. ഇതേനടിയാണ് നടൻ ജയസൂര്യക്കും മുകേഷിനുമെതിരെ സമാനമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.