തിരുവനന്തപുരം: ഭരണകക്ഷി എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വിലയിരുത്തി സിപിഎം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എഡിജിപിയെ തത്കാലം മാറ്റേണ്ടതില്ലെന്നും അന്വേഷണ റിപ്പോർട്ട് വരട്ടേയെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലും ശശിയെ പിന്തുണച്ചാണ് പിണറായി വിജയൻ രംഗത്തെത്തിയത്. മാതൃകാപരമായ പ്രവർത്തനമാണ് ശശി നടത്തുന്നതെന്നും അൻവർ പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കാനല്ല ശശി അവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഭരണകക്ഷി എംഎൽഎയായ അൻവർ കഴിഞ്ഞ ഏതാനും നാളുകളായി പി. ശശിക്കെതിരെയും എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഉന്നയിച്ച ആരോപണങ്ങൾക്ക് പുല്ലുവിലയാണ് പാർട്ടി നൽകുന്നതെന്നും ഇതിലൂടെ വ്യക്തമാവുകയാണ്. പി. ശശിയേയും എഡിജിപിയേയും ചേർത്തുപിടിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചപ്പോൾ മറുത്തൊരു നിലപാടുമായി മുന്നോട്ടുപോകാൻ സിപിഎമ്മും തയ്യാറാവുന്നില്ല.















