ജനീവ: പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെ കശ്മീരി വനിതാ രാഷ്‌ട്രീയ പ്രവർത്തക തസ്‌ലീമ അക്തർ. ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ ഫോറത്തിൽ പാക് നടപടികളെ അവർ ശക്തമായി അപലപിച്ചു. “Balancing Counter Terrorism, Violent Extremism and Human Rights: Challenges for peace in Africa and Asia” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു തസ്‌ലീമ.
അതിമനോഹരമായ ഭൂപ്രകൃതിക്കും സമാധാനത്തിനും പേരുകേട്ട കശ്മീർ താഴ്വരയിൽ ഭീകരത വരുത്തിയ നാശനഷ്ടങ്ങൾ തസ്‌ലീമ വിവരിച്ചു. ഭീകരവാദം എണ്ണമറ്റ ജീവനുകളെ അപഹരിച്ചു, കുടുംബങ്ങളെ നശിപ്പിക്കുകയും താഴ്വരയുടെ സാമൂഹിക ഘടനയെ ഇല്ലാതാക്കുകയും ചെയ്തുവെന്ന് അവർ ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം മുതലെടുത്ത് ഇന്ത്യയെ ആക്രമിക്കുക എന്നതാണ് പാകിസ്താന്റെ തന്ത്രം. അതിനായി ലഷ്കർ-ഇ -തൊയ്‌ബ,ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകരസംഘടനകൾക്ക് പാകിസ്താൻ പരിശീലനവും ധനസഹായവും ആയുധങ്ങളും നൽകി പിന്തുണയ്‌ക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
സോപോർ, ഷോപിയാൻ, ബാരാമുള്ള തുടങ്ങിയ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ഭീകരവാദത്തിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുകയാണെന്നും തസ്‌ലീമ ആരോപിച്ചു. ഭീകരാക്രമണങ്ങളും അതിന്റെ അനന്തരഫലങ്ങളും കശ്മീരിലെ കുട്ടികളിൽ ഏൽപ്പിച്ച മാനസിക ആഘാതം വളരെ വലുതാണ്. കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ പാകിസ്താന്റെ പങ്ക് ലോകത്തിന് അവഗണിക്കാൻ കഴിയില്ലെന്ന് തസ്‌ലീമ പറഞ്ഞു. തീവ്രവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കുവാൻ പാകിസ്താനുമേൽ കൂട്ടായ അന്താരാഷ്‌ട്ര സമ്മർദ്ദം ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.















