സോനിപട്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയിൽ വേരുറച്ച പാർട്ടിയാണ് കോൺഗ്രസ്. കാലുവെച്ചിടത്തും അവസരം ലഭിച്ചിടത്തുമെല്ലാം അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ മുഡ അഴിമതി ഉയർത്തിക്കാട്ടിയായിരുന്നു മോദിയുടെ വിമർശനം.
“അധികാരത്തിലെത്തിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ നോക്കൂ. മുഖ്യമന്ത്രി തന്നെ ഭൂമി കുംഭകോണത്തിന്റെ ആരോപണങ്ങൾ നേരിടുകയാണ്. അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ട് കാര്യമുണ്ടായില്ല. വിഷയത്തിൽ ശരിയായ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളി,” പ്രധാനമന്ത്രി പറഞ്ഞു.
പത്ത് വർഷങ്ങൾക്ക് മുൻപ് ഹരിയാനയിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാർ കർഷകരുടെ ഭൂമി കൊള്ളയടിച്ചു, ഇടനിലക്കാർക്കും മരുമക്കൾക്കും അവർ ഹരിയാനയെ കൈമാറിയെന്നും മോദി വിമർശിച്ചു. തട്ടിപ്പില്ലാതെ ഒരു ജോലിയും നേടിയെടുക്കാൻ കഴിയുമായിരുന്നില്ല, അഴിമതിയില്ലാത്ത ഒരു സംഘടനയുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപി സർക്കാർ കർഷകരുടെ ഉന്നമനത്തിനാണ് നിലകൊണ്ടതെന്നും തുടർന്നും അങ്ങനെയാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.















