2014 സെപ്തംബർ 25 നാണ് മേക്ക് ഇന്ത്യ പദ്ധതിക്ക് നരേന്ദ്രമോദി സർക്കാർ തുടക്കം കുറിച്ചത്. പത്ത് വർഷത്തിന് ഇപ്പുറം ഇന്ത്യൻ ഉൽപ്പാദന മേഖലയുടെ കുതിപ്പ് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഇന്ന് മൊബൈൽ ഫോൺ മുതൽ പ്രതിരോധ സാമഗ്രികൾ വരെ ആത്മനിർഭരമാകുന്ന കാഴ്ചയ്‌ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ പത്താം വാർഷികത്തിൽ ഉദ്യമത്തിന്റെ വിജയം ഉറപ്പാക്കാൻ അക്ഷീണം പ്രയത്നിച്ചവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. നമ്മുടെ രാജ്യത്തെ ഉൽപ്പാദനത്തിന്റെ ശക്തികേന്ദ്രമാക്കി മാറ്റാനുള്ള 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയമാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി. വിവിധ മേഖലകളിൽ ഉൽപാദനത്തിലും കയറ്റുമതിയിലുണ്ടായ വർദ്ധനവ് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. സാധ്യമായ എല്ലാ വഴികളിലൂടെയും ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ മുന്നേറ്റം ഇനി തുടരും. നമ്മൾ ഒത്തൊരുമിച്ച് ആത്മനിർഭരവും വികസിതവുമായ ഭാരതം നിർമ്മിക്കും, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മെയ്‌ക്ക് ഇൻ ഇന്ത്യ പിന്നിട്ട വഴികൾ വിവരിച്ച് കൊണ്ടുള്ളതായിരുന്നു വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ കുറിപ്പ്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ സമയത്താണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ഗണ്യമായ നിക്ഷേപം ആകർഷിക്കുകയും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആഭ്യന്തരമായും ആഗോളതലത്തിലും നിക്ഷേപകരുടെ ആത്മവിശ്വാസം പുനരുജ്ജീവിപ്പിക്കാൻ സംരംഭം സഹായിച്ചിട്ടുണ്ടെന്നും ഇന്ത്യയെ ഒരു ഉൽപ്പാദക ശക്തിയാക്കി മാറ്റാൻ മേക്ക് ഇൻ ഇന്ത്യയ്‌ക്ക് സാധിച്ചുവെന്നും പിയുഷ് ഗോയൽ പറഞ്ഞു.