തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവും ഹോക്കി താരവുമായ പി.ആർ ശ്രീജേഷിനെ അവഗണിച്ച് സർക്കാർ. രണ്ടുകോടി പാരിതോഷികം പ്രഖ്യാപിച്ച് നാളുകൾ കഴിഞ്ഞെങ്കിലും ഇതുവരെയും പിണറായി സർക്കാർ താരത്തിന് പണം കൈമാറിയിട്ടില്ല. നേരത്തെ അനുമോദനമെന്ന പേരിൽ വിളിച്ചുവരുത്തി ചടങ്ങ് നടത്താതെ അപമാനിക്കുകയും ചെയ്തിരുന്നു. ടോക്കിയോയിലും പാരിസിലും വെങ്കല നേട്ടം ആവർത്തിച്ച് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ഒന്ന് അഭിനന്ദിക്കാനുള്ള മനോഭാവം പോലും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് വലിയെരു നാണക്കേടാണെന്ന് വിമർശനവും ഉയർന്നിട്ടുണ്ട്.
ക്രെഡിറ്റിന്റെ പേരിലെ തർക്കമാണ് അനുമോദന ചടങ്ങ് നടത്തും മുൻപ് അലങ്കോലമാകാൻ കാരണം. ശ്രീജേഷ് തിരുവനന്തപുരത്ത് കുടുംബവുമായി എത്തി മണിക്കൂറുകൾ കഴിഞ്ഞാണ് വിദ്യാഭ്യാസ വകുപ്പ് നടത്താനിരുന്ന ചടങ്ങ് റദ്ദാക്കിയ വിവരം അറിയിച്ചത്. ഓഗസ്റ്റ് 26ന് നിശ്ചയിച്ച ചടങ്ങാണ് മന്ത്രിമാരുടെ ചക്കാളത്തി പോരിൽ റദ്ദാക്കിയത്.
അതേസമയം ശ്രീജേഷിന്റെ ടീം അംഗങ്ങൾക്ക് അതത് സർക്കാരുകൾ സമ്മാനത്തുക കൈമാറുകയും വലിയ അനുമേദന ചടങ്ങുകൾ നടത്തി അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇവിടെ മാറ്റിവച്ച ചടങ്ങ് എന്നു നടത്തുമെന്നോ പ്രഖ്യാപിച്ച തുക എന്ന് നൽകുമെന്നോ സർക്കാരോ പ്രതിനിധികളോ അറിയിച്ചിട്ടില്ല. തൊട്ട് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ചെസ് ഒളിമ്പ്യാഡ് വിജയികൾക്ക് നാട്ടിലെത്തിയ ദിവസം തന്നെ ലക്ഷങ്ങൾ സമ്മാനത്തുക നൽകിയാണ് ആദരിച്ചത്.