കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെ മകൾ ആശാ ലോറൻസ് രംഗത്ത്. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് പ്രിൻസിപ്പൽ ഉന്നയിച്ചതെന്ന് ആശാ ലോറൻസ് ആരോപിച്ചു. പ്രത്യേക സമിതിക്ക് മുന്നിൽ ഹാജരായപ്പോൾ മോശം സമീപനമുണ്ടായി. പിതാവുമായുള്ള ബന്ധം, അത് തെളിയിക്കുന്ന പ്രൂഫ് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു. ഫ്രൂഫിനായി ആധാർ കാർഡ് കാണിച്ചുവെന്നും ആശ പറഞ്ഞു.
സഖാവിനെ പോലെയാണ് പ്രിൻസപ്പൽ പെരുമാറിയതെന്നും ആശാ ലോറൻസ് വിമർശിച്ചു. ഹിയറിംഗിനായി മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. ഉച്ചയ്‌ക്ക് 12 മണിക്ക് എത്തണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. കൃത്യസമയത്ത് ഹാജരായി. പക്ഷേ മണിക്കൂറുകൾക്കു ശേഷമാണ് വിളിപ്പിച്ചത്. തങ്ങൾക്ക് ശേഷം വന്നവരെല്ലാം വാദം നിരത്തി മടങ്ങിപ്പോയി. അതിന് ശേഷമാണ് ഹിയറിംഗിനായി തന്നെ വിളിപ്പിച്ചത്. അഭിഭാഷകരെ ഒപ്പം അകത്തേക്ക് കടത്താൻ അനുവദിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.
പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പിന് സമാനമായിരുന്നു ഹിയറിംഗിന് വിളിപ്പിച്ച നോട്ടീസിലെ പരാമർശങ്ങൾ. മെഡിക്കൽ കോളേജിൽ നിന്നുള്ള വകുപ്പുതല കത്തിൽ പോലും മുതിർന്ന സിപിഎം നേതാവ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ തീരുമാനം എന്താണെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അവർ വിമർശിച്ചു.
വൈദികരുടെ പ്രസംഗങ്ങൾ കേട്ട് നല്ല അഭിപ്രായം പറയാറുള്ള ആളാണ് തന്റെ പിതാവ് എംഎം ലോറൻസ്. മക്കളുടെ വിവാഹം പള്ളിയിൽ നടത്തുന്നതിനെതിരെ വിഎസ് സംസാരിച്ചപ്പോൾ പോലും അത് മാറ്റിവെക്കാതിരുന്ന ആളാണ് തന്റെ പിതാവെന്നും മകൾ ചൂണ്ടിക്കാട്ടി. മൃതദേഹം ആശുപത്രിക്ക് കൈമാറുന്നതിനുള്ള സമ്മതം അറിയിക്കാൻ മകൻ ഹാജരാക്കിയ ബന്ധു വിശ്വാസയോഗ്യത ഇല്ലാത്തയാളാണ്. പിതാവ് പങ്കുവച്ച പഴയ എഫ്ബി പോസ്റ്റാണ് തനിക്കെതിരെ തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ പലരും ഉപയോഗിക്കുന്നത്. അത് പിതാവിനെ ഹൈജാക്ക് ചെയ്തുകൊണ്ടുപോയി ചിലർ എഴുതിയ പോസ്റ്റാണ്. മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറണം എന്ന തീരുമാനം തനിക്കുമേൽ അടിച്ചേൽപ്പിക്കാനാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ശ്രമിച്ചതെന്നും ആശാ ലോറൻസ് വാദിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രത്യേക സമിതിയുടെ ഹിയറിംഗ് പൂർത്തിയായി. ലോറൻസിന്റെ മൂന്നു മക്കളും പ്രത്യേക സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. മൂന്നുപേരുടെയും വാദങ്ങൾ സമിതി കേട്ടു. മൃതദേഹം കൈമാറാൻ സമ്മതം അറിയിച്ച മകൻ എംഎൽ സജീവൻ മറ്റൊരു ബന്ധുവിനെ സാക്ഷിയാക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നിരുന്നു. ഇയാൾ വിശ്വാസയോഗ്യമല്ലെന്നാണ് ആശ ആരോപിച്ചത്.