കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ. താല പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും,പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് അഭിജിത് മണ്ഡൽ നിരവധി തവണ ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷുമായി സംഭവം നടന്ന ദിവസം നിരവധി തവണ സംസാരിച്ചതായും സിബിഐ ചൂണ്ടിക്കാട്ടി.
പൊലീസ് സ്റ്റേഷനിൽ ശേഖരിച്ച പല തെളിവുകളിലും അഭിജിത് മാറ്റങ്ങൾ വരുത്തി. ഇതിന് പുറമെ പുതിയ വസ്തുതകൾ സ്വന്തം ഇഷ്ടപ്രകാരം ഇയാൾ കൂട്ടിച്ചേർത്തതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി മേധാവി ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു അഭിജിത് മണ്ഡലിന് വേണ്ടി ഹാജരായ അഭിഭാഷകൻ അയൻ ഭട്ടാചാര്യയുടെ വാദം.
ബലാത്സംഗത്തിലോ കൊലപാതകത്തിലോ അഭിജിതിന് പങ്കില്ലെന്നും, ചുമതലയിൽ വീഴ്ച വരുത്തിയതിനാണെങ്കിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമേ ഉള്ളു എന്നും അയൻ ഭട്ടാചാര്യ അവകാശപ്പെട്ടു. തെളിവുകൾ നശിപ്പിക്കപ്പെടുകയാണെന്നും, വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരേയും ഈ മാസം 30 വരെ കസ്റ്റഡിയിൽ വേണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 17ാം തിയതി അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് സുപ്രീംകോടതിക്ക് മുദ്രവച്ച കവറിൽ സിബിഐ കൈമാറിയിരുന്നു.
അതേസമയം യുവതിയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിന് നേതൃത്വം നൽകിയ മുതിർന്ന ഡോക്ടർ അപൂർബ ബിശ്വാസിനെ സിബിഐ ഇന്നലെ ചോദ്യം ചെയ്തു. സംഭവദിവസം ആശുപത്രിയിൽ എത്തിയ മറ്റൊരു ഡോക്ടറായ സുശാന്ത റോയിയോടും അന്വേഷണ വിധേയമായി സിബിഐക്ക് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമൻസ് ലഭിച്ചെങ്കിലും സുശാന്ത റോയ് ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരായില്ലെന്നാണ് വിവരം















