ന്യൂയോർക്ക്: കാലിഫോർണിയയിലെ സാക്രമെന്റോ മേഖലയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ന്യൂയോർക്കിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായി 10 ദിവസത്തിനുള്ളിലാണ് മറ്റൊരു ആക്രമണം. ക്ഷേത്രത്തിന്റെ ചുവരുകൾ നിറയെ ഹിന്ദു വിരുദ്ധ സന്ദേശങ്ങൾ എഴുതി നശിപ്പിച്ച നിലയിലാണുള്ളത്. ഹിന്ദുക്കൾ രാജ്യത്ത് നിന്ന് തിരികെ പോകണം എന്നും ചുവരുകളിൽ എഴുതിയിട്ടുണ്ട്.
പ്രദേശത്തെ ഹിന്ദു സമൂഹം വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദ്വേഷം ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ബാപ്‌സ് പബ്ലിക് അഫയേഴ്‌സ് സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ന്യൂയോർക്കിലെ ആക്രമണം കഴിഞ്ഞ് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സമാനമായ നീക്കം കാലിഫോർണിയയിലെ ക്ഷേത്രത്തിലും ഉണ്ടായി എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഇവർ പറയുന്നു.
ക്ഷേത്രപരിസരം അക്രമികൾ വലിയ തോതിൽ നശിപ്പിച്ചതായും ക്ഷേത്രം അധികൃതർ വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യുഎസ് ജനപ്രതിനിധി സഭയിൽ സാക്രമെന്റോ മേഖലയെ പ്രതിനിധീകരിക്കുന്ന അമി ബെറ വ്യക്തമാക്കി. സാക്രമെന്റോയിൽ മതഭ്രാന്തിനും ആക്രമണങ്ങൾക്കും സ്ഥാനമില്ലെന്നും, മേഖലയിൽ ഇത്തരമൊരു നശീകരണം സംഭവിച്ചതിനെ ശക്തമായി അപലപിക്കുന്നതായും അമി ബെറ വ്യക്തമാക്കി. ഇത്തരത്തിലുള്ള അസഹിഷ്ണുതകൾക്കെതിരെ സമൂഹത്തിലെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഈ മാസം 17നാണ് ന്യൂയോർക്കിലെ ബാപ്‌സ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. ക്ഷേത്രചുവരുകൾ നിറയെ ഗ്രാഫിറ്റികൾ ഉപയോഗിച്ച് അലങ്കോലമാക്കുകയായിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളുമായി ചുവരുകളിൽ ചേർത്തിരുന്നത്. സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.















