തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വീണ്ടും വെട്ടിലാക്കി പി.വി അൻവർ എംഎൽഎ. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും അപ്പുറം ആത്മാഭിമാനം എന്ന ഒന്നുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ അൻവർ കുറിച്ചു. നീതിയില്ലെങ്കിൽ നീ തീയാവുക എന്നും പോസ്റ്റിലുണ്ട്. ഇനിയൊരു പരസ്യപ്രതികരണം നടത്തരുതെന്ന പാർട്ടിയുടെ കർശന താക്കീത് അവഗണിച്ചാണ് അൻവർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഭരണകക്ഷി എംഎൽഎ രാജിക്കൊരുങ്ങുന്നുവെന്ന സൂചനകളും ഇതേസമയം പുറത്തുവരുന്നുണ്ട്.
സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷത്തെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുകയാണ് ഇടത് സ്വതന്ത്രനായ പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയും പാർട്ടിയും കയ്യൊഴിഞ്ഞതോടെ ഒറ്റയാൾ പോരാട്ടവുമായി മുന്നോട്ട് പോവുകയാണ് അൻവർ. പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരസ്യമായി ആവശ്യപ്പെട്ടിട്ടും അൻവർ വഴങ്ങുന്നില്ല. സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഇന്നും ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും അപ്പുറമാണ് ആത്മാഭിമാനം. അത് ഇത്തിരി കൂടുതലുണ്ടെന്നും പോസ്റ്റിൽ പറയുന്നു. നീതിയില്ലെങ്കിൽ നീ തീയാവുക എന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണുമെന്നും അൻവർ പറയുന്നു.
പി.വി അൻവറിന്റെ തുടർച്ചയായ ആരോപണങ്ങളിൽ ആശങ്കയിലാണ് സിപിഎം. എംഎൽഎ സ്ഥാനം അൻവർ രാജിവയ്‌ക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിൽ താൻ ഉണ്ടാകില്ലെന്ന സൂചനയും അൻവർ നൽകി. പി. ശശിയെയും എഡിജിപി എം.ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയും സിപിഎമ്മും കൈവിടില്ലെന്ന് ഉറപ്പായതോടെയാണ് അൻവർ നിലപാട് കടുപ്പിച്ചത്. അൻവർ പാർട്ടിയിൽ തുടർന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് സിപിഎമ്മും. ഏറെ നാളായി പാർട്ടിക്ക് തലവേദനയുണ്ടാക്കുന്ന അൻവർ, താക്കീതിന് ശേഷവും പരസ്യപ്രതികരണം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടിക്ക് മൈഗ്രെയ്ൻ ഉണ്ടാക്കിയെന്ന പരിഹാസവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്.















