ഷിരൂർ: 72 ദിവസത്തെ മലയാളികളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു ഇന്നലെ ഗംഗാവലിപ്പുഴയിൽ നിന്ന് ലഭിച്ചത്. അർജുന്റെ ലോറി കണ്ടെടുത്തപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകളാണ്. പുഴയിൽ നിന്ന് ലോറി കരയ്‌ക്കെത്തിച്ചപ്പോൾ അർജുൻ ഉപയോഗിച്ചിരുന്ന നിരവധി വസ്തുക്കളാണ് യാതൊരു കേടുപാടും കൂടാതെ കണ്ടെത്താനായത്.
ദീർഘ നാളത്തെ യാത്രയ്‌ക്കായി പോകുമ്പോൾ അർജുൻ പാചകം ചെയ്ത് കഴിക്കുകയായിരുന്നു പതിവ്. ഇതിനായി ഉപയോഗിച്ച പാത്രങ്ങൾ, പലച്ചരക്ക് സാധനങ്ങൾ എന്നിവയും അർജുന്റെ രണ്ട് ഫോണുകൾ, ബാഗ്, വാച്ച്, മകനായി കരുതിയ കളിപ്പാട്ടങ്ങൾ മുതലായവ ക്യാബിനുള്ളിൽ ഉണ്ടായിരുന്നു.
മകനായി വാങ്ങിയ കുഞ്ഞു ലോറി കേടുപാടുകൾ ഒന്നും കൂടാതെ ബാക്കി വച്ചാണ് അർജുൻ യാത്രയായത്. ഈ കളിപ്പാട്ടം ലോറിയുടെ ക്യാബിന് മുന്നിൽ വച്ചായിരുന്നു അർജുൻ യാത്ര ചെയ്തിരുന്നത്. യാത്ര കഴിഞ്ഞെത്തുമ്പോൾ ഇത്തരത്തിൽ നിരവധി കളിപ്പാട്ടങ്ങൾ മകനായി അർജുൻ വാങ്ങാറുണ്ടെന്ന് സഹോദരൻ അഭിജിത്ത് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് അർജുന്റെ ലോറിയും മൃതദേഹാവശിഷ്ടങ്ങളും പുഴയിൽ നിന്നും കണ്ടെടുത്തത്. തുടർന്ന് ഇന്ന് രാവിലെ പൂർണമായും ലോറി കരയ്‌ക്കെത്തിച്ചു. ഈ സമയത്തും ലോറിയിൽ നിന്ന് അസ്ഥികൾ കണ്ടെടുത്തിരുന്നു. അർജുൻ ഉപയോഗിച്ച വസ്ത്രങ്ങളും മകനായി വാങ്ങിയ കളിപ്പാട്ടങ്ങളും നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന്റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനൽകും.















