ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വിവാദങ്ങളിൽപ്പെട്ടിരുന്ന ചിത്രമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രമായ ദി കേരളാ സ്‌റ്റോറി . ഇസ്ലാമിലേക്ക് മതപരിപർത്തനം ചെയ്യപ്പെട്ട യുവതികളുടെ ജീവിത കഥ തുറന്നുകാട്ടിയ പാൻ-ഇന്ത്യ ചിത്രമായിരുന്നു ദി കേരളാ സ്‌റ്റോറി. 40 കോടി താഴെ ബജറ്റിൽ നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി. ആദാ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത് വരുമെന്നും അതിന്റെ ആലോചനകൾ നടക്കുന്നുണ്ടെന്നും സുദീപ്തോ സെൻ പറഞ്ഞിരുന്നു . എന്നാൽ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല താൻ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ് ഇപ്പോൾ സുദീപ്തോ സെൻ പറയുന്നത് .
“എവിടെ നിന്നാണ് ഈ വിവരം പുറത്തുവന്നതെന്ന് എനിക്കറിയില്ല, അത് ശരിയല്ല. റിപ്പോർട്ടുകൾ കണ്ട്, നിർമ്മാതാവ് വിപുൽ ഷായും ഞാനും ചിരിച്ചു. ചിത്രത്തിന് തിരക്കഥാരചന നടക്കുന്നു. എന്നാൽ ഇതിന് ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധമില്ലെന്നും “ അദ്ദേഹം പറഞ്ഞു.
‘ദി കേരള സ്‌റ്റോറി’യിൽ നായികയായ ആദാ ശർമ്മ, തുടർഭാഗത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.















