മുതിർന്ന തെലുങ്ക് നടൻ മോഹൻബാബുവിന്റെ വീട്ടിൽ മോഷണം. ജാൽപ്പള്ളിയിലെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയാണ് കവർന്നത്. നടന്റെ സെക്രട്ടറിയാണ് ഹൈദരാബാദ് പൊലീസിൽ പരാതി നൽകിയത്. കള്ളനെ പിന്നീട് തിരുപ്പതിയിൽ നിന്ന് പിടികൂടി.
ജോലിക്കാരുടെ ക്വാർട്ടേഴ്സിലെ മുറിയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഈ മാസം 22നായിരുന്നു മോഷണം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വാദിത് നായിക് എന്ന 24-കാരനാണ് പിടിയിലായത്. ബുധനാഴ്ചയാണ് ഇയാളെ തിരുപ്പതിയിൽ നിന്ന് പിടികൂടിയത്.
7.3 ലക്ഷം രൂപയും ഒരു മൊബൈൽ ഫോണും നായിക്കിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾ ക്ലെർക്കായി ജോലി ചെയ്യുകയാണ്. മോഹൻ ബാബു ഇതുവരെ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അഞ്ചു പതിറ്റാണ്ടിലേറെ തെലുങ്ക് സിനിമയിൽ തുടരുന്ന മോഹൻ ബാബു അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.















