കാബൂൾ: അഫ്ഗാൻ ഭരണകൂടത്തിനെതിരായ ലിംഗവിവേചന, മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ അസംബന്ധമെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വിവേചനങ്ങൾക്ക് അന്താരാഷ്‌ട്ര നിയമപ്രകാരം താലിബാനെ ശിക്ഷിക്കണമെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ നാല് രാജ്യങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണം.
ഓസ്‌ട്രേലിയ, കാനഡ, ജർമനി, നെതർലാൻഡ് എന്നീ രാജ്യങ്ങളാണ് താലിബാനെതിരെ നിയമനടപടി ആരംഭിച്ചത്. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയിലായിരുന്നു തീരുമാനം. സ്ത്രീകൾക്കെതിരായ വിവേചനം തടയുന്ന യുഎൻ കൺവെൻഷന്റെ ലംഘനമാണ് അഫ്ഗാൻ ഭരണകൂടം നടത്തിയതെന്ന് രാജ്യങ്ങൾ ആരോപിച്ചു. 20 ലധികം രാജ്യങ്ങളാണ് താലിബാനെതിരായ നിയമ നടപടിക്ക് പിന്തുണയറിയിച്ചത്.
അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആരും വിവേചനം നേരിടുന്നില്ലെന്നുമായിരുന്നു താലിബാൻ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്റത്ത് പ്രതികരിച്ചത്. ആരോപണങ്ങൾ അസംബന്ധമാണെന്നും അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്ന സ്ത്രീകളാണ് ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നതെന്നായിരുന്നു താലിബാൻ നേതാവ് ആരോപിച്ചത്. 2021ൽ അധികാരം പിടിച്ചെടുത്തത് മുതൽ താലിബാൻ അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും മേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്.