നീതി ലഭിച്ചില്ലെങ്കിൽ നീ തീയാവുക എന്ന മാസ് ഡയലോഗുമായി വാർത്താസമ്മേളനത്തിന് എത്തിയ ഭരണകക്ഷി എംഎൽഎ പി.വി അൻവർ, മുഖ്യമന്ത്രിക്കും സിപിഎം നേതത്വത്തിനുമെതിരെ വീണ്ടും രൂക്ഷ വിമർശനങ്ങൾ ഉയർത്തി പാർട്ടി ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചു. ഇനി പരസ്യപ്രസ്താവന നടത്തരുതെന്ന പാർട്ടി നിർദേശം കാറ്റിൽപ്പറത്തി മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ വിമർശന ശരങ്ങളാണ് അൻവർ തൊടുത്തുവിട്ടത്. തനിക്ക് പാർട്ടിയിൽ നിന്ന് ലഭിച്ച ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും താൻ മോശക്കാരനായി ചിത്രീകരിക്കപ്പെട്ടുവെന്നും അൻവർ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ല. പരാതികൾ മുഖ്യമന്ത്രി ചിരിച്ചുതള്ളി. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് എനിക്ക് ഡാമേജുണ്ടാക്കി. എന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു. എഡിജിപി എഴുതിക്കൊടുത്ത കഥയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വായിച്ചത്. അജിത്കുമാർ എഴുതിയ കഥയും തിരക്കഥയും വായിക്കുകയാണോ മുഖ്യമന്ത്രി ചെയ്യേണ്ടത്?
മുഖ്യമന്ത്രിയെ പാർട്ടി തിരുത്തുമെന്ന് കരുതി. പാർട്ടി സ്വയം തിരുത്തുമെന്നും പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. ഞാൻ നൽകിയ പരാതി അന്വേഷിക്കുമെന്നെങ്കിലും പാർട്ടി സെക്രട്ടറിക്ക് പറയാമായിരുന്നു. അതുമുണ്ടായില്ല. പി. ശശിക്കെതിരായ പരാതിയിൽ നടപടി എടുത്തില്ല. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പയുന്നത് പരാതി ചവറ്റുകുട്ടയിൽ ഇടുന്നതിന് തുല്യമാണ്. സത്യസന്ധമായ അന്വേഷണം നടത്തുമെന്ന പാർട്ടി ഉറപ്പ് ലംഘിച്ചു.
മുഖ്യമന്ത്രി എനിക്കെതിരെ പ്രതികരിച്ച രീതി തെറ്റാണ്. കള്ളക്കടത്തുകാരെ മഹത്വവത്കരിച്ചത് മുഖ്യമന്ത്രിയാണ്. ഇപ്പോൾ പൊലീസ് എന്നെ പിന്തുടരുകയാണ്. ഇന്നലെ രാത്രി എന്റെ വീടിന് അടുത്ത് രണ്ട് പൊലീസുകാരുണ്ടായിരുന്നു. രാത്രി മുഴുവൻ അവർ എന്നെ നിരീക്ഷിക്കുകയാണ്. കള്ളക്കടത്തിൽ എന്നെ പ്രതിയാക്കാനാണ് നീക്കം. പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുൻപ് എല്ലാം പറയണം എന്നുള്ളതുകൊണ്ടാണ് ഇപ്പോൾ മാദ്ധ്യമങ്ങളെ കാണുന്നത്. ഉറപ്പുകൾ പാർട്ടി ലംഘിച്ച സാഹചര്യത്തിൽ നിയമവഴിയേ നീങ്ങാനാണ് തീരുമാനം. പാർട്ടിയിലായിരുന്നു വിശ്വാസം. ഇനി ഹൈക്കോടതിയെ സമീപിക്കും. ഞാൻ പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ്. – പിവി അൻവർ പറഞ്ഞു.
ഇനിയൊരു പരസ്യപ്രതികരണം പിവി അൻവർ നടത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി താക്കീത് നൽകിയ സാഹചര്യത്തിലാണ് പാർട്ടിക്ക് നേരെ കടുത്ത വിമർശനങ്ങളുമായി വീണ്ടും അൻവർ എത്തിയത്.















