ബോസോവ്: അമ്മയുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത 8 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് ചിമ്പാൻസി. ഗിനിയയിലെ ജെജെ എന്ന ചിമ്പാൻസിയാണ് കുഞ്ഞിനെ തട്ടിയെടുത്ത് കൊന്നത്. ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ കഴിവ് പ്രകടിപ്പിച്ച പ്രശസ്തമായ ചിമ്പാൻസിയാണിത്.
മരച്ചീനി പാടത്ത് ജോലി ചെയ്യുകയായിരുന്ന സെനി സോഗ്‌ബ എന്ന യുവതിയുടെ കുഞ്ഞിനെയാണ് ചിമ്പാൻസി ആക്രമിച്ചത്. ചിമ്പാൻസി തന്നെ കടിച്ചശേഷം കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നുവെന്ന് സെനി പറഞ്ഞു. ബോസോവിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന് സമീപത്തുനിന്നാണ് പെൺകുഞ്ഞിന്റെ വികൃതമായ മൃതദേഹം കണ്ടെത്തുന്നത്. ആയുധങ്ങൾ ഉപയോഗിച്ചാണ് ചിമ്പാൻസി കുഞ്ഞിനെ കൊന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ചിമ്പാൻസികൾ തങ്ങളുടെ പുനർജനിച്ച പൂർവികരാണെന്ന് വിശ്വസിച്ച് അവയെ സംരക്ഷിച്ചിരുന്നവരാണ് ബോസോവിലെ പ്രദേശവാസികൾ. എന്നാൽ ദാരുണമായ കൊലപാതകത്തിൽ രോഷാകുലരായ ജനക്കൂട്ടം ചിമ്പാൻസികളെകുറിച്ച് ഗവേഷണം നടത്തുന്ന ബോസോവ് എൻവയോൺമെൻ്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അതിക്രമിച്ചു കയറി. ജനക്കൂട്ടം കെട്ടിടം നശിപ്പിക്കുകയും ഡ്രോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഉപകരണങ്ങളും ഗവേഷണ രേഖകളും കത്തിക്കുകയും ചെയ്തു.















