മുംബൈ: രാജ്യസഭാ എം.പിയും ശിവസേന യു.ബി.ടി. നേതാവുമായ സഞ്ജയ് റാവത്തിന് അപകീര്‍ത്തിക്കേസില്‍ 15 ദിവസം തടവുശിക്ഷ.25,000 രൂപ പിഴയും റാവത്തിനു മേല്‍ വിധിച്ചിട്ടുണ്ട്. മുംബൈ മസ്ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ നൽകിയ മാനനഷ്ടക്കേസിൽ മസ്ഗാവിലെ 25-ാം മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി കൽപ്പിച്ചത്.
മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള ചില പൊതു ശൗചാലയങ്ങളുടെ നിർമ്മാണത്തിലും അറ്റകുറ്റപ്പണിയിലും 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് തനിക്കും ഭർത്താവിനുമെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങളാണ് റാവത്ത് ഉന്നയിച്ചതെന്ന് മേധ സോമയ്യ പരാതിയിൽ പറയുന്നു.
‘സാമ്‌ന’ എന്ന പ്രസിദ്ധീകരണത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും ശിവസേന യു.ബി.ടി. ഗ്രൂപ്പിന്റെ മുഖ്യ വക്താവുമായ സഞ്ജയ് റാവത്ത് ഈ ആരോപണങ്ങൾ ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നും അവർ ആരോപിച്ചു.
കോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം, ശിക്ഷ റദ്ദാക്കുന്നതിനും ജാമ്യം അനുവദിക്കുന്നതിനുമായി സഞ്ജയ് റാവത്തിന്റെ അഭിഭാഷകൻ രണ്ട് ഹർജികൾ സമർപ്പിച്ചു. തുടർന്ന് 15,000 രൂപയുടെ ബോണ്ടിൽ കോടതി റാവത്തിന് ജാമ്യം അനുവദിച്ചു.















