ഭുവനേശ്വർ: കോൺഗ്രസ് പാർട്ടി ദേശീയത മറന്നാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ. അർബൻ നക്സലുകളുടെ ഭാഷയാണ് കോൺഗ്രസ് ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. ഒഡിഷയിലെ ഭുവനേശ്വറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയയായിരുന്നു അദ്ദേഹം.
“2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലാണ് ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. എന്നാൽ ആർട്ടിക്കിൾ 370 തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളോടൊപ്പമാണ് കോൺഗ്രസ്. ഇടതുപക്ഷ പാർട്ടികൾക്ക് ഒരു ശതമാനം പോലും ബോധമില്ല. കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ അവർ ഇടക്കിടയ്‌ക്ക് പ്രശ്നങ്ങളുണ്ടാക്കും. എന്നിട്ട് ഡൽഹിയിൽ കോൺഗ്രസുമായി ഒരുമിക്കുകയും ചെയ്യും.
കോൺഗ്രസ് മുസ്ലീം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ പോലും അടിച്ചമർത്തുകയാണ് ചെയ്യുന്നത്. കോൺഗ്രസ് മുത്തലാഖ് നിർത്തലാക്കിയില്ല. എന്നൽ, ഇടതു-വലത് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായാണ് ബിജെപി പ്രവർത്തിക്കുന്നത്. താഴെത്തട്ടിൽ പ്രവർത്തിക്കുന്ന നേതാക്കളെ മുകളിലേക്ക് കൊണ്ടുവരാൻ ബിജെപി പരിശ്രമിക്കുന്നു”.
ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. കളിപ്പാട്ടങ്ങളും മൊബൈൽ ഫോണുകളും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗാന്ധിസഹോദരങ്ങൾക്ക് സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല. ബിജെപിയെ അറിയാൻ എന്ന പരിപാടിയിലൂടെ ഇന്ന് ലോകം പാർട്ടിയെ അറിയാൻ തുടങ്ങിയിരിക്കുകയാണെന്നും ജെപി നദ്ദ പറഞ്ഞു.















