മലപ്പുറം: പരസ്യപ്രസ്താവന ഇനി പാടില്ലെന്ന് പാർട്ടി താക്കീത് ചെയ്തപ്പോൾ പാർട്ടിയെയും മുഖ്യമന്ത്രിയെയും എയറിൽ കയറ്റി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചായിരുന്നു അൻവർ വാർത്താസമ്മേളനം നടത്തിയത്.
മുഖ്യമന്ത്രിക്ക് തെറ്റ് സംഭവിച്ചുവെന്നും ആഭ്യന്തര വകുപ്പിൽ തുടരാൻ പിണറായി വിജയന് യോഗ്യതയില്ലെന്നും അൻവർ വിമർശിച്ചു. പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോ എന്ന് ചോദിച്ച അൻവർ, ഒരാൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് പാർട്ടി സംവിധാനം പൂർണമായും തകർക്കുകയാണെന്നും ആരോപിച്ചു.
സിപിഎമ്മിൽ അടിമത്തമാണ്. ഉന്നത നേതാക്കൾക്ക് എന്തും ചെയ്യാം. എന്ത് അഴിമതിയും നടത്താം. പ്രവർത്തകർക്ക് മിണ്ടാൻ പാടില്ല. ഈ നിലയ്ക്ക് പോയാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയൻ. സ്വർണത്തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സംശയവും അൻവർ പങ്കുവച്ചു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഭരണകക്ഷി എംഎൽഎ ആവശ്യപ്പെട്ടു. പിണറായിയെ നയിക്കുന്നത് ഉപജാപക സംഘങ്ങളാണ്. മരുമകന് വേണ്ടിയാകാം മുഖ്യമന്ത്രിയുടെ സംരക്ഷണം. ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണ്.
ഇനിയും ഇവർക്കൊക്കെ വിധേയപ്പെട്ട് നിൽക്കാൻ തൽക്കാലം തനിക്ക് സൗകര്യമില്ല. റിയാസിന് വേണ്ടി അൻവറിന്റെ നെഞ്ചത്തോട്ട് കയറാൻ വരേണ്ട. ഒരു കൊമ്പനും കുത്താൻ വരേണ്ടതില്ല, അതിവിടെ നടക്കില്ല. കേരളത്തിൽ റിയാസിനെ മാത്രം നിലനിർത്താനാണോ പാർട്ടി. റിയാസിന് വേണ്ടി എഡിജിപിയെ കെട്ടിപ്പിടിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും അൻവർ വാദിച്ചു. പിതാവിനെ പോലെ കണ്ട പിണറായി വിജയൻ തന്നെ ചതിച്ചുവെന്നും അൻവർ പറഞ്ഞു.















