അജയന്റെ രണ്ടാം മോഷണം ( എആർഎം) വൻ വിജയമായതിന്റെ ആവേശത്തിലാണ് നടൻ ടൊവിനോ തോമസും ആരാധകരും. കുഞ്ഞികേളുവായും, മണിയനായും, അജയനായും സിനിമയിൽ തകർത്താടിയ ടൊവിനോയെ മലയാളക്കര ഒന്നടങ്കം ഏറ്റെടുത്തു. ആഴ്ചകൾ പിന്നിട്ടിട്ടും ചിത്രം തിയേറ്ററുകളിൽ കളക്ഷൻ വാരി കൂട്ടുമ്പോൾ ടൊവിനോ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളും സഹോദരങ്ങളുമായ സൂര്യക്കും, കാർത്തിക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. സൂര്യക്കും കാർത്തിക്കുമൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ അഭിനയ ജീവിതത്തിൽ പ്രചോദനം നൽകിയ രണ്ട് വ്യക്തിത്വങ്ങളാണ് ഇരുവരുമെന്നും ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
” ഒരു നടൻ ആകണമെന്ന മോഹത്താൽ നടന്ന വർഷങ്ങളിൽ ഇവർ രണ്ടു പേരും എനിക്ക് വലിയ പ്രചോദനം നൽകിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഇവർക്ക് ഇടയിൽ ഇന്ന് നിൽക്കുമ്പോൾ, എന്റെ യാത്രയിൽ ഇവർ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂർവം ഓർക്കുന്നു. സൂര്യയെയും കാർത്തിയെയും നേരിട്ട് കണ്ട് കുറച്ചു നേരം ചെലവഴിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഒപ്പം റിലീസ് ചെയ്യാനിരിക്കുന്ന കാർത്തിയുടെ ‘മെയ്യഴകി’ന് ഹൃദയം നിറഞ്ഞ ആശംസകൾ.”- ടൊവിനോ കുറിച്ചു.
View this post on Instagram
ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. റോളക്‌സും മണിയനും ദില്ലിയും ഒരു ഫ്രെയിമിൽ വന്നപ്പോൾ എന്ന കമന്റുകളും നിരവധി പേർ രേഖപ്പെടുത്തി. ‘ഒരമ്മ പെറ്റ അളിയന്മാരാണെന്നെ പറയൂ’ എന്നായിരുന്നു നടി സുരഭിയുടെ കമന്റ്. എഎംആറിൽ മണിയന്റെ നായികയായാണ് സുരഭി വേഷമിട്ടത്.