പാമ്പിൻ വിഷത്തിന്റെ പത്തിലൊന്ന് അംശം കടന്നല്ലിനുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ അത്ര നിസാരക്കാരനല്ല ഈ കടന്നല്ലുകൾ. ചില കാട്ടുകടന്നല്ലുകൾ വളരെയധികം അപകടകാരികളാണ്. മുഖത്താണ് ഇവ കുത്തുന്നതെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. കടന്നല്ലുകൾ ഒന്നിച്ച് ഇരച്ചെത്തി ആക്രമണം നടത്തിയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കടന്നെല്ലിന്റെ കൂട് ശ്രദ്ധയിൽപ്പെട്ട് അത് നശിപ്പിക്കാൻ ചെല്ലുന്ന വേളയിലും ചിലപ്പോൾ കടന്നെൽ ആക്രമിച്ചേക്കാം. ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടത് ഇതെല്ലാം..
ഒരു കടന്നൽ മാത്രമാണ് കുത്തിയതെങ്കിൽ, ചെറിയ നീരും ചുവപ്പും മാത്രമാണുള്ളതെങ്കിൽ, കുത്തേറ്റ ഭാഗത്ത് ഐസ് വച്ചു കൊടുക്കാവുന്നതാണ്. ഒന്നിലേറെ കടന്നല്ലുകൾ ആക്രമിക്കുകയോ ഒന്നിലേറെ കുത്ത് കിട്ടുകയോ ചെയ്താൽ ഉടൻ ആശുപത്രിയിലേക്ക് പോകണം. കുത്തേറ്റ ഭാഗത്ത് കടന്നല്ലിന്റെ കൊമ്പ് ഇരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. കൊമ്പ് തറച്ചിട്ടുണ്ടെങ്കിൽ ശ്രദ്ധയോടെ എടുത്തുമാറ്റണം. കടന്നൽ കുത്തേറ്റ ഭാഗത്ത് അൽപം വിനാഗിരി പുരട്ടുന്നത് കടന്നൽ വിഷത്തെ ഇല്ലാതാക്കാൻ സാധിക്കും.















