മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രം ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ആദ്യ ഷെഡ്യൂൾ പൂനെയിൽ തുടങ്ങുമെന്നാണ് വിവരം. നിലവിൽ എമ്പുരാന്റെ ഷൂട്ടിംഗിലാണ് മോഹൻലാൽ. എമ്പുരാന്റെ ചിത്രീകരണം അവസാനിച്ചാലുടൻ ഹൃദയപൂർവ്വത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
മലയാള സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട്. വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ ഏറ്റെടുത്തത്. പൂനെയ്‌ക്ക് ശേഷം കൊച്ചിയിലാകും ഷൂട്ടിംഗ്.
സിനിമയുടെ ഷൂട്ടിംഗ് ഡിസംബറിൽ തുടങ്ങുമെന്ന് സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. കുടുംബ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. നൈറ്റ് ഷിഫ്റ്റ് എന്ന ഹിറ്റ് ഷോർട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. 2015-ൽ പുറത്തിറങ്ങിയ എന്നും എപ്പോഴുമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.