” ബ്രഹ്‌മദത്തൻ നോക്കി നിൽക്കെ ഉടലു നിറയെ കൈകളുള്ള ഭീകര സത്വമായി മാറി സുഭദ്ര”. ഇൻ ഹരിഹർ നഗർ സിനിമയിലെ ഈ രംഗം അത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. വരികളെ അന്വർത്ഥമാക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അത്തരത്തിൽ മാക്രോ ഫോട്ടോഗ്രാഫർ ഇവാൻ സിവ്‌കോവിച്ച് പങ്കുവച്ച ഫോട്ടോയും കാണികളെ ആശ്ചര്യപ്പെടുത്തുകയാണ്. കൊമ്പുകളും കൈകാലുകളുമുള്ള ഒരു വലിയ സത്വത്തിന്റെ ചിത്രമാണ് ജർമ്മൻ ഫോട്ടോഗ്രാഫർ തന്റെ കാമറ കണ്ണുകളിലൂടെ പകർത്തിയത്. കാണുമ്പോൾ വലിയ സത്വമെന്ന് തോന്നുമെങ്കിലും ആളൊരു കുഞ്ഞൻ ഉറുമ്പാണെന്നതാണ് യാഥാർത്ഥ്യം.
ഒരു വേലിയുടെ ഭാഗമായ മരത്തടിയിൽ ഇരിക്കുന്ന ഉറുമ്പിനെ സൂം ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് കാമറ പകർത്തുന്നത് ഉറുമ്പിന്റെ നാഡിയും ഞരമ്പും വ്യക്തമാകുന്ന ചിത്രമാണ്.
”ഉറുമ്പുകൾ ഒരു ഭാഗത്ത് നിശ്ചലമായി ഇരിക്കുന്നത് കണ്ടിട്ടില്ല. എപ്പോഴും ചലിക്കുന്നവയാണിവർ. അതിനാൽ ഒരു ഉറുമ്പിന്റെ ചിത്രം പകർത്താൻ ഇതുവരെയും സാധിച്ചിരുന്നില്ല. എന്നാൽ ആദ്യമായി ഒരു ഉറുമ്പ് തനിക്കായി നിശ്ചലമായി ഇരുന്നതിനാൽ മികച്ച ചിത്രങ്ങൾ എടുക്കാൻ സാധിച്ചു”വെന്നും ഇവാൻ ഇസ്റ്റഗ്രാമിൽ കുറിച്ചു.
View this post on Instagram
സംഭവം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. അസാധാരണ വലിപ്പത്തിൽ കാണുമ്പോൾ ഭയം തോന്നുന്നുവെന്ന തരത്തിൽ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. നിമിഷ നേരങ്ങൾക്കുള്ളിൽ ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും ചെയ്തു.















