ടെൽഅവീവ്: ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി മുഹമ്മദ് സ്രൂറിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ നടത്തിയ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്. വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നും, ഹിസ്ബുള്ളയുടെ വ്യോമസേനാ വിഭാഗം കമാൻഡർ ആണ് ഇയാളെന്നും ഇസ്രായേൽ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഹിസ്ബുള്ളയിലെ മിസൈൽ റോക്കറ്റ് നെറ്റ്വർക്ക് കമാൻഡറായ ഇബ്രാഹിം മുഹമ്മദ് ഖുബൈസിയേയും കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വധിച്ചിരുന്നു. ബെയ്റൂട്ടിന്റെ തെക്കൻ മേഖലയായ ഗൊബെയ്റിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രിസിഷൻ ഗൈഡഡ് മിസൈൽ യൂണിറ്റ് ഉൾപ്പെടെ ഹിസ്ബുള്ളയിലെ പല റോക്കറ്റ് യൂണിറ്റുകളുടേയും കമാൻഡർ ആയിരുന്നു ഇയാൾ.
അതേസമയം പ്രദേശത്ത് എത്രയും വേഗം വെടിനിർത്തൽ നടപ്പാക്കണമെന്ന നിർദ്ദേശം ഇസ്രായേൽ തള്ളിക്കളഞ്ഞു. സന്ധിസംഭാഷണങ്ങൾ നടക്കുന്നുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മുഴുവൻ സന്നാഹവും ഉപയോഗിച്ച് ഹിസ്ബുള്ളയ്‌ക്കെതിരെ യുദ്ധം ചെയ്യാനാണ് നെതന്യാഹു ഇസ്രായേൽ പ്രതിരോധ സേനയ്‌ക്ക് നിർദേശം നൽകിയത്.
21 ദിവസം വെടിനിർത്തൽ നടപ്പിലാക്കുകയാണെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്‌സും തള്ളിക്കളഞ്ഞിട്ടുണ്ട്. ” ഇസ്രായേലിന്റെ വടക്കൻ മേഖലയിൽ വെടിനിർത്തൽ ഉണ്ടാകില്ല. ഹിസ്ബുള്ള ഭീകരർക്കെതിരെ വിജയിക്കുകയും, ഇസ്രായേലിന്റെ വടക്കൻ മേഖലയിൽ താമസിക്കുന്നവർക്ക് സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്നും ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും” കാറ്റ്‌സ് അറിയിച്ചു.