ഗാന്ധിനഗർ: ടൂറിസം കുതിപ്പിൽ ഗുജറാത്ത്. 2023-24 വർഷത്തിൽ 18.59 കോടി പേരാണ് ഗുജറാത്ത് സന്ദർശിച്ചതെന്ന് ടൂറിസം മന്ത്രി മുലുഭായ് ബേര പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൻ വളർച്ച കൈവരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ 23.43 ലക്ഷം പേർ വിദേശ വിനോദ സഞ്ചാരികളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 24.07 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ടൂറിസം, വ്യാപാരം, തൊഴിൽ, ആത്മീയത, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിൽ നരേ ന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങി വച്ച മുന്നേറ്റമാണ് ഇന്നും തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇതിന്റെ ആക്കം കൂട്ടാൻ ശ്രമം നടത്തുകയാണെന്നും അത് വിജയത്തിലേക്ക് എത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11.38 കോടി പേർ ഒറ്റദിവസ സന്ദർശനത്തിനെത്തിയതാണ്. 7.21 കോടി പേർ രാത്രികാലങ്ങളിൽ തങ്ങി, ദിവസങ്ങളോളം ഭംഗി ആസ്വദിച്ചവരാണ്.
ആത്മീയ ടൂറിസം മേഖലയിലും ഗുജറാത്ത് കുതിക്കുകയാണ്. ഏറ്റവും കൂടുതൽ പേർ സന്ദർശിച്ച ആത്മീയ കേന്ദ്രമെന്ന ഖ്യാതി സംസ്ഥാനത്തെ അമ്പാജിയാണ്. 1.65 കോടി പേരാണ് അമ്പ ദേവിയുടെ അനുഹഗ്രഹം തേടിയെത്തിയതെന്നും മന്ത്രി പറഞ്ഞു. 97.93 ലക്ഷം പേരാണ് സോമനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ദ്വാരകയിൽ 83.54 ലക്ഷം പേരുമെത്തി. മഹാകാളി ക്ഷേത്രത്തിൽ 76.66 ലക്ഷം പേർ ഉൾപ്പടെ സംസ്ഥാനത്തെ ആത്മീയ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയത് 457.35 ലക്ഷം പേരാണ്.
ബിസിനസ് ടൂറിസത്തിൽ 2.26 കോടി സഞ്ചാരികളുമായി അഹമ്മദാബാദാണ് മുന്നിൽ. സൂറത്ത്- 62.31 ലക്ഷം, വഡോദര- 34.15 ലക്ഷം, രാജ്കോട്ട്- 18.49 ലക്ഷം എന്നിങ്ങനെ ആകെ 358.77 ലക്ഷം പേരാണ് എത്തിയത്. കൂടതൽ സഞ്ചാരികളെ ആകർഷിക്കാനായി മികച്ച ടൂറിസം കേന്ദ്രങ്ങൾ സജ്ജമാക്കുകയാണ് സർക്കാർ.