ഹൈദരാബാദ്: രാജ്യസഭാ സീറ്റ് രാജിവച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപി രാഗ കൃഷ്ണയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പാർട്ടി സ്ഥാനം രാജിവയ്‌ക്കുന്ന മൂന്നാമത്തെ നേതാവാണ് രാഗ കൃഷ്ണയ്യ. വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ കൃഷ്ണയ്യയുടെ രാജി സ്വീകരിച്ചു.
വൈഎസ്ആർസിപി നേതാക്കളായ ബീധ മസ്താൻ റാവു ജാദവ്, വെങ്കട്ടരമണ റാവു എന്നിവരും നേരത്തെ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. ടിഡിപിയിൽ ചേരാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച ശേഷമാണ് ഇരുവരും വൈഎസ്ആർസിപിയിൽ നിന്ന് രാജി വയ്‌ക്കുന്നത്. രാഗ കൃഷ്ണയ്യ രാജ്യസഭാംഗത്വം രാജിവച്ചതോടെ വൈഎസ്ആർസിപിക്ക് രാജ്യസഭയിൽ ഇനി ഒൻപത് അംഗങ്ങളാണ് ബാക്കിയുള്ളത്.
അതേസമയം രാഗ കൃഷ്ണയ്യയുടെ രാജി ടിഡിപിയുടെ ഗൂഢാലോചനയാണെന്നാണ് വൈഎസ്ആർസിപിയുടെ ആരോപണം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം ചേർന്ന് രാഗ കൃഷ്ണയ്യ പാർട്ടിയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, ഇത്തരം ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു. ചന്ദ്രബാബു നായിഡു തങ്ങളുടെ നേതാക്കളെ വിലയ്‌ക്ക് വാങ്ങാൻ ശ്രമിക്കുകയാണെന്നും, കൃഷ്ണയ്യയുടെ രാജി നിരാശാജനകമാണെന്നും വൈഎസ്ആർസിപി നേതാക്കളായ പി അനിൽ കുമാർ യാദവ്, കരുമുറി നാഗേശ്വര റാവു എന്നിവർ പറഞ്ഞു.
സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ച വയ്‌ക്കാൻ ചന്ദ്രബാബു നായിഡുവിന് കഴിയുന്നില്ലെന്നും, ഭരണ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ചന്ദ്രബാബു നായിഡു ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നും ഇരുവരും ആരോപിച്ചു. കൃഷ്ണയ്യയുടെ രാജി ഒരിക്കലും പാർട്ടിയെ തളർത്തില്ലെന്നും സമയമാകുമ്പോൾ ഇതിന് മറുപടി ലഭിക്കുമെന്നും ഇവർ പറയുന്നു.















