ന്യൂഡൽഹി: പിവി അൻവറിന്റെ ഉദ്ദേശ്യം വ്യക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ സംശയിച്ചത് പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അൻവർ പടച്ചുവിടുന്നതെന്നും പിണറായി വിജയൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അൻവർ നേരത്തെ ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് ഇതിന് പിന്നിലെന്ന സംശയം ഉദിച്ചിരുന്നു. എന്നാൽ ആ സംശയത്തിലേക്ക് ഒന്നുമല്ല ആ ഘട്ടത്തിൽ പോയത്. ഒരു എംഎൽഎ എന്ന നിലയ്‌ക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏർപ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടികൾ സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ലെന്ന് ഇന്നലെ തെളിയിച്ചു.
നേരത്തെ സംശയിച്ചത് പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. അദ്ദേഹം പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയുന്നത് കേട്ടു. ഉദ്ദേശ്യം വ്യക്തമാണ്, അദ്ദേഹം തന്നെ അത് വ്യക്തമാക്കി. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നു, നിയമസഭ പാർട്ടിയിൽ പങ്കെടുക്കില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ആരോപണങ്ങളും തള്ളി കളയുകയാണ് . എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വന്ന ആരോപണങ്ങൾ മാത്രമാണിത്. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണ സംവിധാനങ്ങളെ ഒരുവിധത്തിലും ബാധിക്കില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. നിങ്ങൾക്കും പലതും ചോദിക്കാനും അറിയാനുമുണ്ടാകും. പിന്നീടൊരു ഘട്ടത്തിൽ വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യങ്ങൾ പോലും ചോദിക്കാൻ അവസരം നൽകാതെയാണ് മുഖ്യമന്ത്രി പ്രതികരണം നൽകിയത്. തനിക്കെതിരെയും കുടുംബത്തിനെതിരെയും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് പറയാതെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിവി അൻവറിന്റെ ആരോപണങ്ങളിൽ ഇന്ന് ഉച്ചയ്‌ക്ക് 2.30-ന് സിപിഎം സംസ്ഥാന അദ്ധ്യക്ഷൻ എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.