പിണറായി വിജയനെതിരെ പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ വരിവരിയായി നിന്ന് പ്രതികരിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ. വ്യാഴാഴ്ച വൈകുന്നേരം അൻവറിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ ആരംഭിച്ച പ്രതികരണ പരമ്പര ഇന്നും സജീവമായി മുന്നേറുകയാണ്. എന്നാൽ പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നുണ്ടോ എന്നു മാത്രം ചെറിയ വലിയ സംശയമുണ്ട്. ഇനി നമ്മുക്ക് ചില പ്രതികരണങ്ങൾ നോക്കാം..
പ്രതിരോധിക്കാൻ പതിനെട്ട് അടവും പറ്റുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനെയാണ് ഇന്ന് രാവിലെ കേരളം കണ്ടത്. സാധാരണനിലയിൽ വിഷപ്പാമ്പ് പോലും പാല് കൊടുത്ത കൈയ്‌ക്ക് കടിക്കില്ല. അതിനേക്കാൾ അപ്പുറമുള്ളതാണ് അൻവർ ചെയ്തിട്ടുള്ളത്. അന്‍വറിന്‌റെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് പാര്‍ട്ടിയുടെ ശരീരത്തെ ബാധിക്കാതിരിക്കാനുള്ള ആന്റിവെനം സിപിഎമ്മിന്റെ പക്കല്‍ ഉണ്ടെന്ന് അന്‍വര്‍ മനസ്സിലാക്കിക്കൊള്ളൂ.
മുഖ്യമന്ത്രി എന്ന സൂര്യൻ എന്നും ജ്വലിക്കും അൻവർ ഇരുട്ടിൽ നിന്നാണ് നോക്കുന്നത്. കാർമേഘത്തിൽ നിന്ന് നോക്കിയാൽ സൂര്യനെ കാണുല്ല. സൂര്യന്റെ പ്രകാശം ജ്വലിക്കും. അൻവറിനെ വിഷമിപ്പിക്കുന്ന ഒരു കാര്യവും പാർട്ടിയും മുഖ്യമന്ത്രിയും ചെയ്തിട്ടില്ലെന്നും ബാലൻ വികാര തള്ളിച്ചയോടെ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റിലെ 17 അംഗങ്ങളിൽ ഏതാണ്ട് മുഴുവൻ ആളുകളും ഹാജർ വിളിക്കുന്നത് പോലെ പ്രതികരണവുമായി രംഗത്ത് വന്നു. ചിലർ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ മറ്റുചിലർ ഫേസ്ബുക്ക് കുറിപ്പിലാണ് അടവുകൾ പുറത്തെടുത്തത്. പി, വി അൻവർ ഒറ്റുകാരനാണെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ വാക്കുകൾ. സൂര്യപ്രകാശത്തെ പഴമുറം കൊണ്ട് മറയ്‌ക്കാനാണെ് അൻവറിന്റെ ശ്രമമെന്നും തീയിൽ കുരുത്തത് വെയിലത്ത് വാടിലെന്നും മന്ത്രി വി.എൻ വാസവൻ ഫേസ്ബുക്കിൽ പറഞ്ഞു. ഇടതുപക്ഷം വിടാൻ അൻവർ കാരണങ്ങളുണ്ടാക്കുന്നു എന്നാണ് സ്വരാജിന്റെ പ്രതികരണം.















