ടെൽ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ച് ഹൂതി വിമതരും. യെമനിൽ നിന്ന് ഹൂതികൾ തൊടുത്ത മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണം ഇസ്രായേൽ തുടരുന്നതിനിടെയാണ് യെമനിൽ നിന്ന് ഹൂതികളുടെ ആക്രമണം ഇസ്രായേലിന് നേർക്കുണ്ടാകുന്നത്.
ഹൂതി വിമർതർ തൊടുത്തുവിട്ട മിസൈൽ ഇസ്രായേലിന്റെ Arrow Air Defence System നിർവീര്യമാക്കിയതായി ഐഡിഎഫ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ ടെൽ അവീവിന് നേർക്കായിരുന്നു ഹൂതികൾ മിസൈൽ തൊടുത്തുവിട്ടത്. ഹിസ്‌ബുള്ളയ്‌ക്ക് എതിരെ ശക്തമായ ആക്രമണം തുടരാൻ പ്രതിരോധ സേനയായ ഐഡിഎഫിന് ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നൽകി.
യുഎസും ഫ്രാൻസും മുന്നോട്ടുവച്ച വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കാൻ ഇസ്രായേൽ ഇതുവരെയും തയ്യാറായിട്ടില്ല. രാജ്യത്തെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്ന് യുഎന്നിൽ ഇസ്രായേൽ പ്രതിനിധി വ്യക്തമാക്കുകയും ചെയ്തു. ഏതുനിമിഷവും ലെബനനിലേക്ക് കരയുദ്ധം ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. ഹിസ്ബുള്ളയുടെ ഡ്രോൺ യൂണിറ്റ് മേധാവി മുഹമ്മദ് ഹുസൈൻ സ്രൂർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹിസ്ബുള്ളയെയും ഹമാസിനെയും വേരോടെ പിഴുതെറിയാതെ സമാധാനം അസാധ്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രായേൽ.















