മലപ്പുറം: മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎമ്മെന്ന് പിവി അൻവർ എംഎൽഎ. ഈ കപ്പൽ ഒന്നാകെ മുങ്ങാൻ പോവുകയാണെന്നും കപ്പലിനെ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചതെന്നും അൻവർ പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് താൻ ഇനിയൊരു തീപന്തമായി മാറുമെന്നും അൻവർ പറഞ്ഞു. മലപ്പുറത്തെ വീട്ടിൽ മാദ്ധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അൻവറുമായി സിപിഎമ്മിന് യാതൊരു ബന്ധവും ഇനിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എംഎൽഎ മാദ്ധ്യമങ്ങളെ കണ്ടത്.
രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും അതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളോട് സംവദിക്കുമെന്നും എംഎൽഎ പറഞ്ഞു. ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. മന്തിയും പൊരിച്ച ഐസ്ക്രീമും സോഡയും കഴിച്ച് ഉത്തരവാദിത്വ ബോധമില്ലാതെ നടക്കുന്ന യുവാക്കളെ ഉണർത്താനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നും അൻവർ ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ ഭരണഘടന അട്ടത്തിരിക്കുകയാണെന്നും ഇനി ഈ വിവാദങ്ങളിൽ ജനം തീരുമാനമെടുക്കട്ടെയെന്നും അൻവർ പറഞ്ഞു. എഡിജിപി അജിത്കുമാറിനെ ആവർത്തിച്ച് വിമർശിച്ച എംഎൽഎ, പൊലീസ് ആസ്ഥാനത്തേക്ക് കയറാൻ അജിത്തിനെ അനുവദിക്കുക പോലും ചെയ്യരുതെന്നും പരാമർശിച്ചു. സ്വർണക്കടത്ത് അടക്കമുള്ള തന്റെ പരാതികളിൽ അന്വേഷണം നടന്നില്ല. യഥാർത്ഥ സഖാക്കൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താനൊരു തീപ്പന്തമായി മാറുമെന്നും അൻവർ പറഞ്ഞു.
പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പൊലീസ് സംവിധാനം പരാജയപ്പെട്ടപ്പോൾ അത് ചൂണ്ടിക്കണിക്കുകയാണ് ചെയ്തത്. പാർട്ടിയെ ഇല്ലാതാക്കുന്നത് പൊലീസാണ്. പാർട്ടി ഓഫീസിലേക്ക് ജനങ്ങൾ വരാതെയായി. പൊലീസ് രാജ് തുടങ്ങിയതോടെ സർക്കാരിൽ നിന്ന് ജനങ്ങളെ അകറ്റി. ആരുപറയുന്നതാണ് സത്യമെന്ന് ഇനി ജനങ്ങൾ തീരുമാനിക്കട്ടെ.- അൻവർ പറഞ്ഞുനിർത്തി.