21 വർഷങ്ങൾക്ക് ശേഷം സൂര്യയും വിക്രമും ഒന്നിക്കുന്ന ചിത്രം ഉടനെത്തുമെന്ന് റിപ്പോർട്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്കിപ്പുറം ഇരുവരും ഒന്നിക്കുന്നത്. ‘വീരയുഗ നായകൻ വേൽപ്പാരി’ എന്ന പ്രശസ്ത തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.
ബാല സംവിധാനം ചെയ്ത പിതാമകൻ എന്ന സിനിമയിലാണ് അവസാനമായി ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നെങ്കിലും പിന്നീട് ഒരുമിച്ച് അഭിനയിക്കാനുള്ള അവസരങ്ങൾ ഇരുവർക്കും ലഭിച്ചിരുന്നില്ല. പിതാമകനിൽ സൂര്യയുടെ സഹോദരനായാണ് വിക്രം എത്തിയിരുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും വിക്രമിനെ തേടിയെത്തിയിരുന്നു.
ശങ്കർ സംവിധാനം ചെയ്ത അന്യൻ, ഐ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് പുതിയൊരു ഹിറ്റ് കൂടി വിക്രം- ശങ്കർ കൂട്ടുക്കെട്ടിൽ പിറക്കാനൊരുങ്ങുന്നത്. ശങ്കറിനൊപ്പമുള്ള സൂര്യയുടെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ അണിയറപ്രവർത്തകർ പങ്കുവച്ചിട്ടില്ല.
ശങ്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. എസ് വെങ്കടേശരനാണ് വീരയുഗ നായകൻ വേൽപ്പാരി എന്ന നോവൽ എഴുതിയത്. ഇതിന്റെ കോപി റൈറ്റ്സ് അവകാശം ശങ്കർ നേരത്തെ സ്വന്തമാക്കിയിരുന്നു.















