ഷിരൂർ: ഉത്തര കന്നടയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട് മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹവുമായി ആംബുലൻസ് ഷിരൂരിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചു. ആംബുലൻസിനെ കർണാടക പൊലീസ് അനുഗമിച്ചു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും കാർവാർ എംഎൽഎ സതീഷ് സെയ്ലും മൃതദേഹത്തെ അനുഗമിച്ച് കോഴിക്കോട് വരുമെന്ന് അധികൃതർ അറിയിച്ചു.
നാളെ രാവിലെ ആറ് മണിയോടെ അർജുന്റെ മൃതദേഹം കോഴിക്കോടെത്തും. യാത്രാമദ്ധ്യേ അർജുന്റ ആത്മശാന്തിക്കായി മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ആംബുലൻസ് നിർത്തി പ്രാർത്ഥിക്കുമെന്നും എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.
രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവറുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. 8 മണിയോടെ കണ്ണാടിക്കൽ ബസാറിൽ നിന്നും ആംബുലൻസിനൊപ്പം കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10 ന് മൃതദേഹം വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ തന്നെ സംസ്‌കരിക്കും.
മൃതദേഹം അർജുന്റെ തന്നെയാണെന്ന ഡിഎൻഎ ഫലം പുറത്തുവന്നതിന് പിന്നാലെ വൈകിട്ടോടെ ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. 72 ദിവസത്തെ നീണ്ട തെരച്ചിലിനൊടുവിലാണ് ഗംഗാവലി പുഴയിൽ നിന്നും അർജുന്റെ ലോറിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തത്.















