ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഒക്ടോബർ 09 വ്യാഴാഴ്ച പരിഗണിക്കും. സമാനമായ ഹർജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി കോടതി കേസ് മാറ്റി വെക്കുകയായിരുന്നു .
അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജിയുടെ പകർപ്പ് ലഭിക്കാൻ ചീഫ് ജസ്റ്റിസ് നിയുക്ത ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു .
രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കർണാടകയിൽ നിന്നുള്ള ബിജെപി അംഗം വിഘ്നേഷ് ശിശിർ അലഹബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.
അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹരജിയുടെ തല് സ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട്, വിശദാംശങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു. കൂടുതൽ വ്യക്തതയ്‌ക്ക് ശേഷം ഒക്ടോബർ 9 ന് കേസ് വീണ്ടും പരിഗണിക്കും.
രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള ബാക്കോപ്‌സ് ലിമിറ്റഡിന്റെ കമ്പനി രേഖകളിൽ ഉണ്ടെന്നതാണ് 2019-ൽ സമർപ്പിച്ച സ്വാമിയുടെ ഹർജിയിൽ പറയുന്നത്. രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വ പ്രഖ്യാപനം ഇന്ത്യൻ ഭരണഘടനയുടെ 9-ാം അനുച്ഛേദത്തിന്റെയും 1955ലെ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്ന് സ്വാമി വാദിക്കുന്നു.















