ദുബായ്: ശൈത്യകാലം തുടങ്ങുന്നതിന് മുന്നോടിയായി ജലാഗതാഗത മേഖലയിൽ സമയക്രമം തയ്യാറാക്കാനൊരുങ്ങി ദുബായ് ആർടിഎ (റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്‌ക്കാണ് പുതിയ സമയക്രമം കൊണ്ടുവരുന്നത്. ഈ 30 മുതലാണ് പുതിയ ഷെഡ്യൂൾ നിലവിൽ വരിക. വിനോദസഞ്ചാരികളുടെ വർദ്ധനവിനെ തുടർന്നാണ് ആർടിഎയുടെ നടപടി.
ദുബായിൽ ജലഗതാഗത മേഖലയിലെ യാത്രക്കാരുടെ എണ്ണമുൾപ്പെടെ കണക്കാക്കി ഒരോ സീസണും അനുസരിച്ചാണ് ആർടിഎ സമയക്രമം നടപ്പാക്കുന്നത്. ശൈത്യകാലത്ത് ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയ്‌ക്കാണ് ഇത്തരത്തിൽപുതിയ ഷെഡ്യൂൾ ബാധകമാവുന്നത്.
ജലഗതാഗത രംഗത്ത് സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതിയെന്ന് ആർടിഎ വ്യക്തമാക്കി. ഇത് പ്രവർത്തനച്ചെലവ് കുറക്കുന്നതിനും യാത്രക്കാരെ ഉൾക്കൊള്ളാനുള്ളശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ആർടിഎ അറിയിച്ചു.
യാത്രക്കാരുടെ എണ്ണം, വരുമാനം, സീറ്റുകളുടെ എണ്ണം തുടങ്ങിയ ജലഗതാഗത സേവനങ്ങളുടെ മുഴുവൻ വിവരങ്ങളും ഉപയോഗപ്പെടുത്തിയാണ് ശീതകാല സർവിസ് പ്ലാൻ തയ്യാറാക്കുന്നത്. ഓരോ സീസണിന്‍റെയും സ്വഭാവത്തിനനുസരിച്ച് ജലഗതാഗത സർവീസുകളുടെ പ്രവർത്തനസമയം ക്രമീകരിക്കുമെന്നും ആർടിഎ അറിയിച്ചു.













