കോഴിക്കോട്: പി വി അൻവർ പിച്ചും പേയും വിളിച്ചുപറയുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ലെന്നും പാർട്ടിയ്‌ക്ക് വേണ്ടി സംസാരിക്കാൻ അൻവറിന് അധികാരമില്ലെന്നും മോഹനൻ പറഞ്ഞു.
കോഴിക്കോട് അൻവറിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കവെയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിമർശനം.
അൻവറിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായം. അൻവറിന് പാർട്ടിയെ കുറിച്ച് എന്തറിയാം. പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാൻ അൻവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പാർട്ടി യോഗത്തിൽ പോലും അൻവർ പങ്കെടുത്തിട്ടില്ല. പിണറായി വിജയന്റെ മകളെ വിവാഹം കഴിച്ചതുകൊണ്ട് മന്ത്രിയായ ആളല്ല റിയാസ്. കോഴിക്കോട് കോർപ്പറേഷൻ വാർഡിലേക്കും പാർലമെന്റിലേക്കും
റിയാസ് മത്സരിച്ചിട്ടുണ്ട്. റിയാസ് എവിടെ കിടക്കുന്നു, അൻവർ എവിടെ കിടക്കുന്നു.
അച്ചാരം വാങ്ങി പുറപ്പെട്ടതാണ് അൻവർ. അച്ചാരം വാങ്ങി പുറപ്പെട്ടവരുടെ അനുഭവം എന്താണെന്ന് ഇടയ്‌ക്കൊക്കെ ഓർത്താൽ നല്ലത്. വർഗീയ, രാഷ്‌ട്രീയ ശക്തികളുടെ പിൻബലത്തിലാണ് അൻവർ ഉറഞ്ഞുതുള്ളുന്നത്. സിപിഎമ്മിന്റെ രോമത്തിൽ പോലും പോറലേൽപ്പിക്കാൻ ആർക്കും സാധിക്കില്ല. ഏത് വിധേയനെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും പി മോഹനൻ പറഞ്ഞു.















