ന്യൂഡൽഹി: അതിർത്തി മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സമവായത്തിലെത്താൻ സാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. ചില വിഷയങ്ങളിൽ ധാരണയായെന്നും അധികം വൈകാതെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നുമാണ് ചൈന വ്യക്തമാക്കിയത്. ഇരുപക്ഷത്തിനും സ്വീകാര്യമായ തീരുമാനങ്ങളിൽ എത്തുന്നതിന് വേണ്ടി ചർച്ചകൾ തുടരുമെന്നും ചൈന അറിയിച്ചു.
ചൈനയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത്തുമായി, വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിലെ ഡയറക്ടർ ജനറൽ ലി ജിൻസോങ് കൂടിക്കാഴ്ച നടത്തിയതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇരുപക്ഷത്ത് നിന്നും വലിയ പുരോഗതി ഉണ്ടായതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യമന്ത്രിമാരും ഉന്നത നയതന്ത്ര-സൈനിക ഉദ്യോഗസ്ഥരും ഇപ്പോഴും ഈ വിഷയത്തിൽ ചർച്ചകൾ തുടരുകയാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഷാങ് സിയാവോങ് പറഞ്ഞു. ” ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചുകൊണ്ട് പല വിഷയങ്ങളിലും സമവായത്തിൽ എത്താൻ സാധിച്ചിട്ടുണ്ട്. എങ്കിലും പരസ്പരമുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വരും ദിവസങ്ങളിലും ചർച്ചകൾ തുടരാമെന്ന് ഇരു പക്ഷവും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും പരസ്പരം സ്വീകാര്യമായ നടപടി സ്വീകരിക്കുമെന്നും” ഷാങ് സിയാവോങ് പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും, റഷ്യയിൽ ബ്രിക്സ് യോഗത്തോടനുബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും ഷാങ് സിയാവോങ് എടുത്തു പറഞ്ഞു. അതേസമയം ഡെപ്സാങ്, ഡെംചോക് എന്നിവിടങ്ങളിൽ ഇപ്പോഴും ഇരുവിഭാഗത്തിന്റെയും സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തിയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളേയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്നും, പട്രോളിങ് സംബന്ധിച്ച് ഇനിയുള്ള പ്രശ്നങ്ങൾ കൂടി എത്രയും വേഗം പരിഹരിക്കുമെന്നും ഷാങ് വ്യക്തമാക്കി.